മധ്യപ്രദേശ് നവംബർ 17ന് പോളിങ് ബൂത്തിലേക്ക്; രാജസ്ഥാനിൽ 23ന് -അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭ വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചു
text_fieldsന്യൂഡൽഹി: 2024ലെ പൊതുതെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്ന് വിശേഷിപ്പിക്കുന്ന അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ നവംബർ ഏഴ് മുതൽ 30വരെ നടക്കും. രാജ്യത്തെ ആറിലൊന്ന് വോട്ടർമാർ പോളിങ് ബൂത്തിലേക്ക് നീങ്ങുന്ന വോട്ടെടുപ്പിന്റെ ഫലം ഡിസംബർ മൂന്നിന് പ്രഖ്യാപിക്കും.
മിസോറമിലെ 40 മണ്ഡലങ്ങളിൽ നവംബർ ഏഴിനും മധ്യപ്രദേശിലെ 230 മണ്ഡലങ്ങളിൽ 17നും രാജസ്ഥാനിലെ 200 മണ്ഡലങ്ങളിൽ 23നും തെലങ്കാനയിലെ 119 മണ്ഡലങ്ങളിൽ 30നുമാണ് വോട്ടെടുപ്പ്. നക്സൽ ഭീഷണിമൂലം രണ്ട് ഘട്ടങ്ങളുള്ള ഛത്തിസ്ഗഢിൽ ആദ്യഘട്ടത്തിലെ 20 മണ്ഡലങ്ങളിൽ മിസോറമിനൊപ്പം നവംബർ ഏഴിനും അവസാനഘട്ടത്തിലെ 70 മണ്ഡലങ്ങളിൽ മധ്യപ്രദേശിനൊപ്പം നവംബർ 17നും വോട്ടെടുപ്പ് നടക്കും.
തിങ്കളാഴ്ച ന്യൂഡൽഹി ആകാശവാണി ഭവനിൽ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ, കമീഷണർമാരായ അനൂപ് ചന്ദ്ര പാണ്ഡെ, അരുൺ ഗോയൽ എന്നിവരാണ് അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന നിയമസഭ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഈ അഞ്ച് സംസ്ഥാനങ്ങളിലും 57 ലക്ഷത്തിൽപരം പുതിയ വോട്ടർമാരെ ചേർത്തുവെന്നും അതിലേറ്റവും കൂടുതൽപേർ മധ്യപ്രദേശിലാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ പറഞ്ഞു. മധ്യപ്രദേശിൽ 5.6 കോടിയും രാജസ്ഥാനിൽ 5.2 കോടിയും തെലങ്കാനയിൽ 3.17 കോടിയും ഛത്തിസ്ഗഢിൽ 2.03 കോടിയും മിസോറമിൽ 8.52 ലക്ഷവുമായി ആകെ 16 കോടി വോട്ടർമാർക്കാണ് ഈ തെരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശമുള്ളതെന്നും രാജീവ് കുമാർ അറിയിച്ചു.
2018ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ച മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തിസ്ഗഢിലും ബി.ജെ.പിയും കോൺഗ്രസും നേർക്കുനേർ മത്സരമാണ്. മധ്യപ്രദേശിൽ 230ൽ 114ഉം രാജസ്ഥാനിൽ 200ൽ 100ഉം ഛത്തിസ്ഗഢിൽ 90ൽ 68ഉം സീറ്റുകൾ നേടിയാണ് കോൺഗ്രസ് അധികാരത്തിലേറിയത്. കഴിഞ്ഞതവണ ഭരണത്തിലേറിയ കമൽനാഥ് സർക്കാറിനെ ജ്യോതിരാദിത്യ സിന്ധ്യയും 20ലേറെ എം.പിമാരും ബി.ജെ.പിയിലേക്ക് കൂറുമാറി വീഴ്ത്തിയതിനെ തുടർന്നാണ് മധ്യപ്രദേശിൽ ബി.ജെ.പി വീണ്ടും അധികാരത്തിലേറിയത്.
ബി.ജെ.പി അപ്രസക്തമായ തെലങ്കാനയിലും മിസോറമിലും ഭരണകക്ഷികളോട് എതിരിടാനുള്ള മുഖ്യ പ്രതിപക്ഷകക്ഷി കോൺഗ്രസ് ആണ്. തെരഞ്ഞെടുപ്പ് നടക്കുന്ന ഏക ദക്ഷിണേന്ത്യൻ സംസ്ഥാനമായ തെലങ്കാനയിൽ നേരത്തെ തെലങ്കാന രാഷ്ട്രസമിതി (ടി.ആർ.എസ്) എന്ന പേരിലായിരുന്ന ചന്ദ്രശേഖർ റാവുവിന്റെ ഭാരത് രാഷ്ട്രസമിതി (ബി.ആർ.എസ്) 2018ലെ തെരഞ്ഞെടുപ്പിൽ 119ൽ 88 സീറ്റും തൂത്തുവാരി അധികാരത്തിലേറിയപ്പോൾ കോൺഗ്രസിന് കേവലം 19 സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ബി.ജെ.പിക്ക് ഒരേയൊരു സീറ്റാണ് ലഭിച്ചത്. മൂന്ന് സീറ്റുകൾ ലഭിച്ച അസദുദ്ദീൻ ഉവൈസിയുടെ അഖിലേന്ത്യാ മജ്‍ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ ഇത്തവണവും ബി.ആർ.എസിനൊപ്പം സഖ്യത്തിലാണ്.
വടക്കുകിഴക്കൻ സംസ്ഥാനമായ മിസോറമിൽ 2018ൽ മിസോ നാഷനൽ ഫ്രണ്ട് 27 സീറ്റുകൾ നേടി ഭരണത്തിലേറിയപ്പോൾ കോൺഗ്രസിന് മൂന്ന് സീറ്റുകളേ ലഭിച്ചുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.