ഇലക്ടറൽ ബോണ്ട്: സീരിയൽ നമ്പർ ഉൾപ്പെടെ എല്ലാ വിവരങ്ങളും തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിട്ടു
text_fieldsന്യൂഡൽഹി: സുപ്രീംകോടതി നിർദേശപ്രകാരം ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട് സീരിയൽ നമ്പറും ആൽഫാ ന്യൂമറിക് നമ്പറും ഉൾപ്പെടെ എസ്.ബി.ഐ സമർപ്പിച്ച എല്ലാ വിവരങ്ങളും പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമീഷൻ. ഇതോടെ, ഏത് ബോണ്ട് ഏതു രാഷ്ട്രീയപാര്‍ട്ടിക്ക് ലഭിച്ചുവെന്ന് കണ്ടെത്താനാകും. എല്ലാ വിവരങ്ങളും ഇന്ന് വൈകുന്നേരത്തിനകം തെരഞ്ഞെടുപ്പ് കമീഷന് കൈമാറാനും ഒരു വിവരവും മറച്ചുവെച്ചിട്ടില്ലെന്ന് സത്യവാങ്മൂലം നൽകാനും തിങ്കളാഴ്ച എസ്.ബി.ഐക്ക് സുപ്രീംകോടതി നിർദേശം നൽകിയിരുന്നു. ഇത് പ്രകാരം എസ്.ബി.ഐ ഇന്ന് സത്യവാങ്മൂലം നൽകി.
നേരത്തെ, ഇലക്ടറൽ ബോണ്ടുകളുടെ മുഴുവൻ വിവരങ്ങളും കൈമാറാൻ കോടതി വിധിച്ചിട്ടും ഓരോ ബോണ്ടിലെയും സീരിയൽ നമ്പർ എസ്.ബി.ഐ വെളിപ്പെടുത്തിയിരുന്നില്ല. ഇതേത്തുടർന്ന് എസ്.ബി.ഐ കോടതിയുടെ രൂക്ഷ വിമർശനം നേരിട്ടിരുന്നു. ബോണ്ടുകളുടെ സീരിയൽ നമ്പർ പുറത്തുവിട്ടാൽ മാത്രമാണ് ഏത് ബോണ്ട് ഏതു രാഷ്ട്രീയപാര്‍ട്ടിക്ക് ലഭിച്ചുവെന്ന് കണ്ടെത്താനാകുക. കോടതി വീണ്ടും ഇടപെട്ടതോടെയാണ് ബോണ്ട് നമ്പറുകൾ കൈമാറാൻ എസ്.ബി.ഐ നിർബന്ധിതരായത്.
പേരുവെളിപ്പെടുത്താതെ വ്യക്തികൾക്കും കമ്പനികൾക്കും രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാനുള്ള സംവിധാനമായ ഇലക്ടറൽ ബോണ്ടുകൾ ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഫെബ്രുവരി 15ന് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി ബോണ്ട് വഴി നൽകിയ സംഭാവനകളെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും പങ്കിടാൻ എസ്.ബി.ഐയോട് നിർദേശിക്കുകയും ചെയ്തിരുന്നു. ഇതേതുടർന്ന് കൈമാറിയ ഇലക്ടറൽ ബോണ്ട് വിവരങ്ങൾ മാർച്ച് 14ന് തെരഞ്ഞെടുപ്പു കമീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു.
ഇലക്ടറൽ ബോണ്ട് വിവരങ്ങൾ വെളിപ്പെടുത്താൻ ജൂൺ 30 വരെ സമയം നീട്ടിനൽകണമെന്ന് എസ്.ബി.ഐ ആവശ്യപ്പെട്ടെങ്കിലും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടന ബെഞ്ച് അനുവദിച്ചിരുന്നില്ല. ലോക്സഭ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ബോണ്ട് വിവരങ്ങൾ പുറത്തുവരാതിരിക്കാൻ എസ്.ബി.ഐയെ മുന്നിൽ നിർത്തി കേന്ദ്രം നടത്തിയ നീക്കമാണ് ഇതിലൂടെ സുപ്രീംകോടതി പൊളിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.