തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം: കമീഷന്റെ മുൻകൂർ താക്കീത്
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് രണ്ടാഴ്ചക്കകം പ്രഖ്യാപിക്കാനിരിക്കെ, മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നവർക്കെതിരെ കർക്കശ നടപടി സ്വീകരിക്കുമെന്ന് മുൻകൂർ താക്കീത് നൽകി തെരഞ്ഞെടുപ്പ് കമീഷൻ.
ജാതിയും സമുദായവും ഭാഷാഭേദവും പറഞ്ഞ് വോട്ടഭ്യർഥന നടത്തരുത്. ദൈവവും വിശ്വാസിയുമായുള്ള ബന്ധത്തെ അവഹേളിക്കരുത്. വിശ്വാസത്തിന്റെ പേരിലുള്ള വിലക്കുകളും അരുത്. ആരാധനാലയങ്ങൾ തെരഞ്ഞെടുപ്പു പ്രചാരണ വേദിയാക്കരുത്. പരസ്പര വിദ്വേഷവും ഭിന്നതയും തെറ്റിദ്ധാരണയും പരത്തുന്ന നടപടികൾ പാർട്ടികളിൽനിന്നോ സ്ഥാനാർഥികളിൽനിന്നോ പ്രചാരകരിൽനിന്നോ ഉണ്ടാകരുതെന്നും കമീഷൻ ഓർമിപ്പിച്ചു.
വ്യക്തിഹത്യ പാടില്ല. അത്തരത്തിലുള്ള പരിഹാസങ്ങളും ഒഴിവാക്കണം. വിഷയാധിഷ്ഠിത സംവാദങ്ങളാണ് പ്രചാരണത്തിൽ വേണ്ടത്. വസ്തുതപരമല്ലാത്ത പ്രസ്താവനകൾ നടത്തി വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കരുത്.
സ്ത്രീകളെ അധിക്ഷേപിക്കുന്ന പ്രചാരവേലകൾ പാടില്ല. വാർത്താരൂപത്തിൽ തെരഞ്ഞെടുപ്പു പരസ്യം നൽകരുത്. പൊതുപ്രവർത്തനവുമായി ബന്ധമില്ലാത്ത സ്വകാര്യ ജീവിത വിഷയങ്ങൾ പ്രചാരണത്തിന് എടുത്തിടരുത്.
സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളിലും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം. എതിരാളിയെ അവഹേളിക്കുന്ന തരത്തിലുള്ള പ്രചാരണം നടത്തുകയോ അത്തരം പോസ്റ്റുകൾ ഷെയർ ചെയ്യുകയോ അരുത്.
മുമ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന് നോട്ടീസ് കിട്ടിയവരിൽനിന്ന് വീണ്ടും ലംഘനമുണ്ടായാൽ കർക്കശ നടപടി സ്വീകരിക്കും. മാന്യവും സദാചാര ബോധവും സംസ്കാര സമ്പന്നവുമായ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കമീഷൻ അഭ്യർഥിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന തീയതി മുതലാണ് പെരുമാറ്റച്ചട്ടം നിലവിൽവരുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.