യോഗം വെറും ചായസൽക്കാരം ! പുതിയ തുടക്കത്തിന് കോൺഗ്രസ് ശ്രമം
text_fieldsന്യൂഡൽഹി: കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ നിർണായക തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, തന്ത്രങ്ങൾക്കും പാർട്ടി നിലപാടുകൾക്കും മുന്നിൽ കൺമിഴിച്ച് കോൺഗ്രസ്. നിരവധി സംസ്ഥാനങ്ങളിലെ തോൽവിക്കു പിന്നാലെ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ നടന്ന മുതിർന്ന നേതാക്കളുടെ യോഗം ഇക്കാര്യത്തിൽ വെറും ചായസൽക്കാരമായി അവസാനിച്ചു.
കേരളത്തിലും രാജസ്ഥാനിലും തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി, ബിഹാർ തെരഞ്ഞെടുപ്പിലെ മോശം പ്രകടനം, ഗുജറാത്ത് ഉപതെരഞ്ഞെടുപ്പിലെ നാണക്കേട് തുടങ്ങി അടിക്കടി പരാജയം ഏറ്റുവാങ്ങി വരുന്നതിനിടയിലാണ് കോൺഗ്രസ് നേതൃയോഗം നടന്നത്. പശ്ചിമബംഗാളിൽ എല്ലാ പാർട്ടികളിൽനിന്നും എം.എൽ.എമാരെ അടർത്തിയെടുക്കുന്നതടക്കം ബി.ജെ.പി തീവ്രനീക്കങ്ങളിലാണ്. എന്നാൽ, മുന്നോട്ടുള്ള വഴിക്ക് ആശയവ്യക്തത നൽകുന്ന കാര്യത്തിൽ ഫലപ്രദമായ ചർച്ചകളൊന്നും നടന്നില്ല.
കോവിഡ് സാഹചര്യങ്ങൾമൂലം ഏറെക്കാലത്തിനു ശേഷമാണ് നേതാക്കൾ മുഖാമുഖം കണ്ടത്. എന്നാൽ കർഷക സമരം, പാർലമെൻറ് ശീതകാല സമ്മേളനം വേണ്ടെന്നുവെച്ചത്, കോവിഡിനെ തുടർന്ന സർക്കാർ പിടിപ്പുകേടുകൾ എന്നിവയുടെ കാര്യത്തിൽ പരസ്യമായ പാർട്ടി നിലപാടുപോലും യോഗശേഷം പുറത്തുവന്നില്ല. പാർട്ടിയിൽ അടിമുടി അഴിച്ചുപണി ആവശ്യപ്പെട്ടതോടെ വിമതരായി മാറിയ സംഘത്തെയും ഹൈകമാൻഡിനോട് ഒട്ടിനിൽക്കുന്ന മുതിർന്ന നേതാക്കളെയും ഒന്നിച്ചിരുത്തി സൗഹാർദാന്തരീക്ഷം പുനഃസ്ഥാപിക്കാനുള്ള ശ്രമമായിരുന്നു യോഗം. പ്രിയങ്ക ഗാന്ധിയുടെ താൽപര്യപ്രകാരം, കമൽനാഥിെൻറ ഇടപെടലിലൂടെ നടന്ന ഒത്തുതീർപ്പു നീക്കമായി ഫലത്തിൽ യോഗം മാറി.
എല്ലാവരും ഒറ്റക്കെട്ടായി നീങ്ങണമെന്ന സോണിയയുടെ നിർദേശവും മുതിർന്ന നേതാക്കളും യുവനിരയും പാർട്ടിക്ക് ഒരുപോലെ ആവശ്യമാണെന്ന രാഹുലിെൻറ പരാമർശവും സൗഹാർദത്തിലേക്കും പുതിയ തുടക്കത്തിലേക്കുമുള്ള സന്ദേശമായി കാണുകയാണ് യോഗത്തിൽ പങ്കെടുത്തവർ. വിമത സംഘത്തോട് കടുത്ത നീരസമാണ് ഇതുവരെ രാഹുൽ പ്രകടിപ്പിച്ചുപോന്നത്. എല്ലാവരുടെയും താൽപര്യം മാനിച്ച് പാർട്ടി ദൗത്യം നിർവഹിക്കുമെന്ന രാഹുലിെൻറ പരാമർശത്തോടെ അദ്ദേഹം പ്രസിഡൻറ് സ്ഥാനം വീണ്ടും ഏറ്റെടുക്കാനുള്ള സാധ്യതയേറി. അതിനും സമയവ്യക്തയില്ല; അതല്ലാതെ വഴിയില്ല എന്നതാണ് അവസ്ഥ.
വിമതസംഘം ഉന്നയിച്ച വിവിധ ആവശ്യങ്ങളുടെ കാര്യത്തിലും തീരുമാനങ്ങളൊന്നുമില്ല. രാഹുൽ ഗാന്ധി വീണ്ടും പ്രസിഡൻറാകുന്നതിനോട് 'വിമത' സംഘവും ഏറെ അനുകൂലമാണെങ്കിലും ഇടക്കാല പകരക്കാരൻ പറ്റില്ല, പ്രവർത്തക സമിതിയിലേക്ക് അടക്കം തെരഞ്ഞെടുപ്പു നടക്കണം എന്നീ നിലപാടുകൾ ആവർത്തിക്കുകയാണ് അവർ ചെയ്തത്. ഇക്കാര്യത്തിൽ തീരുമാനമൊന്നുമായില്ല. പാർട്ടിയുടെ നയസമീപനങ്ങൾ രൂപപ്പെടുത്തുന്ന കാര്യത്തിലാകട്ടെ, ചിന്താശിബിരം സംഘടിപ്പിക്കുകയെന്ന നിർദേശം ശരിവെച്ചു പിരിയുകയാണ് നേതാക്കൾ ചെയ്തത്. അതിനും വ്യക്തമായ രൂപരേഖ ഉണ്ടായിട്ടു വേണം. കൂടുതൽ യോഗങ്ങൾ നടക്കുമെന്ന് സോണിയ ഗാന്ധി യോഗത്തിൽ വിശദീകരിച്ചു.
അഞ്ചു മണിക്കൂർ നീണ്ട യോഗത്തിൽ, വിമത സംഘത്തിനു കണ്ണിലെ കരടായ രൺദീപ്സിങ് സുർജേവാലയുടെ അസാന്നിധ്യവും ഇതിനിടയിൽ ശ്രദ്ധേയമായി. മുതിർന്ന നേതാക്കളുടെ താൽപര്യപ്രകാരം സുർജേവാലക്ക് മാറിനിൽക്കേണ്ടിവന്നുവെന്നാണ് സൂചന. വിദേശത്തായതിനാൽ വിമത സംഘത്തിൽപെട്ട കപിൽ സിബലിന് പങ്കെടുക്കാനായില്ല. സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കേരളത്തിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.