Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെരഞ്ഞെടുപ്പ് ഡേറ്റ...

തെരഞ്ഞെടുപ്പ് ഡേറ്റ സ്വകാര്യ ഏജൻസിക്ക്; കർണാടകയിൽ വൻ ക്രമക്കേട്

text_fields
bookmark_border
election datas
cancel

ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിന് ആറു മാസം മാത്രം ശേഷിക്കുന്ന കർണാടകയിൽ വൻ തെരഞ്ഞെടുപ്പ് ഡേറ്റ ക്രമക്കേട്. തെരഞ്ഞെടുപ്പ് കമീഷന്‍റെ മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് സ്വകാര്യ ഏജൻസിക്ക് വോട്ടർമാരുടെ വിവരങ്ങൾ ശേഖരിക്കാൻ ബി.ജെ.പി സർക്കാറിന്‍റെ കീഴിലുള്ള ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) അനുമതി നൽകി.

ഒമ്പത് ജില്ലകൾ വരുന്ന മുനിസിപ്പൽ കോർപറേഷനായ ബി.ബി.എം.പി സ്വകാര്യ സ്ഥാപനമായ 'ഷിലുമെ എജുക്കേഷനൽ ആൻഡ് റൂറൽ ഡെവലപ്മെന്‍റ് ട്രസ്റ്റി'നെ തെരഞ്ഞെടുപ്പ് ബോധവത്കരണത്തിനായി നിയോഗിക്കുകയായിരുന്നു. സമ്മതിദായകർക്കായുള്ള വിദ്യാഭ്യാസ പദ്ധതിയുടെ (എസ്.വി.ഇ.ഇ.പി)യുടെ കീഴിലായിരുന്നു ഇത്.

എന്നാൽ സ്വകാര്യ സ്ഥാപനം നൂറുകണക്കിന് ആളുകളെ ഏർപ്പാടാക്കി ചട്ടവിരുദ്ധമായി ബൂത്ത് ലെവൽ ഓഫിസർമാരെ(ബി.എൽ.ഒ)പോലെ വീടുകൾ കയറിയിറങ്ങി പൗരന്മാരുടെ ജാതി, വിദ്യാഭ്യാസം, മാതൃഭാഷ, ആധാർ നമ്പർ തുടങ്ങിയ വിവരങ്ങൾ ശേഖരിച്ചു.

ബി.എൽ.ഒമാരുടെ തിരിച്ചറിയൽ കാർഡുകളും ഉപയോഗിച്ചു.'ഷിലുമെ' ശേഖരിച്ച വിവരങ്ങൾ അവരുടെ സഹോദരസ്ഥാപനമായ ഷിലുമെ എന്‍റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഡിജിറ്റൽ സമീക്ഷ എന്ന സ്വകാര്യ ആപ്പിലാണ് സൂക്ഷിച്ചിരിക്കുന്നത്. സർക്കാറിന്‍റെ ഗരുഡ ആപ്പിൽ ശേഖരിക്കുന്നതിനു പകരമാണിത്.

ഷിലുമെയുടെ ഡയറക്ടർ ആയ കൃഷ്ണപ്പ രവികുമാറിന് ഐ.ടി-ബി.ടി മന്ത്രി സി.എൻ. അശ്വത് നാരായണുമായി അടുത്ത ബന്ധമാണുള്ളത്. ഏറെക്കാലമായി താമസമില്ലാത്ത 18,000 ബി.ജെ.പി പ്രവർത്തകർക്ക് ഇതിനകം തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് നൽകിയിട്ടുണ്ട്.

ബി.ജെ.പിയെ പിന്തുണക്കാത്ത പട്ടികജാതി-വർഗ, ന്യൂനപക്ഷ വിഭാഗങ്ങളെ വോട്ടർപട്ടികയിൽ നിന്ന് പുറത്താക്കിയെന്നും ആരോപണമുണ്ട്. ആദ്യഘട്ടത്തിൽ ശിവാജിനഗർ മണ്ഡലത്തിൽ മാത്രം ബോധവത്കരണ പരിപാടികൾ നടത്താനാണ് അനുമതി നൽകിയതെങ്കിലും പിന്നീട് 28 മണ്ഡലങ്ങളിലും നൽകി.

അതേസമയം, സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ തെരഞ്ഞെടുപ്പ് കമീഷൻ ബി.ബി.എം.പി ചീഫ് കമീഷണറോട് ഉത്തരവിട്ടിട്ടുണ്ട്. വിവരശേഖരണത്തിന് തങ്ങൾ അനുമതി നൽകിയിട്ടില്ലെന്നും പരാതി കിട്ടിയ ഉടൻതന്നെ അനുമതി റദ്ദാക്കിയിരുന്നതായും ബി.ബി.എം.പി ചീഫ് ഇലക്ടറൽ ഓഫിസർ മനോജ് കുമാർ മീണ പറഞ്ഞു.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അടക്കമുള്ളവരുടെ അറിവോടെയാണ് വോട്ടർമാരുടെ ഡേറ്റ സ്വകാര്യസ്ഥാപനം ചോർത്തിയതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല ആരോപിച്ചു. ഹൈകോടതി ചീഫ്ജസ്റ്റിസിന്‍റെ മേൽനോട്ടത്തിൽ അന്വേഷണം നടക്കണം.

എന്നാൽ, ആരോപണങ്ങളല്ലാതെ എന്താണ് തെളിവുകൾ ഉള്ളതെന്ന് മുഖ്യമന്ത്രി ബൊമ്മൈ ചോദിച്ചു. സ്വകാര്യസ്ഥാപനത്തിലെ ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അന്വേഷണം നടത്തി ശിക്ഷിക്കും. ഇക്കാര്യത്തിൽ പരാതി നൽകാൻ ബി.ബി.എം.പിക്ക് അദ്ദേഹം നിർദേശം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Private Agencyelection data
News Summary - Election data to private agency-Massive disorder in Karnataka
Next Story