കർണാടകക്ക് തെരഞ്ഞെടുപ്പ് സമ്മാനം; അപ്പർ ഭദ്ര പദ്ധതിക്ക് 5300 കോടി
text_fieldsബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന കർണാടകക്ക് കേന്ദ്ര സർക്കാറിന്റെ ബജറ്റ് സമ്മാനം. മധ്യ കർണാടകയിലെ വരൾച്ചാ ബാധിത പ്രദേശങ്ങളിലെ 2.25 ലക്ഷം ഹെക്ടർ മേഖലയിലേക്ക് ജലമെത്തിക്കുന്ന അപ്പർ ഭദ്ര ജലസേചന പദ്ധതിക്ക് 5300 കോടിയുടെ ബജറ്റ് സഹായമാണ് പ്രഖ്യാപിച്ചത്.
ദക്ഷിണേന്ത്യയിൽ ബി.ജെ.പി ഭരിക്കുന്ന ഏക സംസ്ഥാനത്ത് ‘ഡബിൾ എൻജിൻ ഭരണ’ മാണെന്ന പ്രചാരണം തെരഞ്ഞെടുപ്പ് വേളയിൽ ഉപയോഗപ്പെടുത്താൻകുടിയാണ് ബി.ജെ.പിയുടെയും കേന്ദ്ര സർക്കാറിന്റെയും ശ്രമം. മേയിൽ കർണാടക നിയമസഭ തെരഞ്ഞെടുപ്പ് നടന്നേക്കും.
ചിക്കമകളൂരു, ചിത്രദുർഗ, ദാവൻകരെ, തുമകൂരു ജില്ലകളിലായാണ് സൂക്ഷ്മ ജലസേചന പദ്ധതി. രണ്ടു ഘട്ടങ്ങളിൽ വിവിധ പാക്കേജുകളിലായാണ് നടപ്പാക്കുന്ന പദ്ധതിയിൽ ആദ്യ ഘട്ടത്തിൽ 17.4 ടി.എം.സി ജലം തുംഗ നദിയിൽനിന്ന് ഭദ്ര റിസർവോയറിലേക്ക് എത്തിക്കുകയും പിന്നീട് ഭദ്ര റിസർവോയറിൽനിന്ന് 29.9 ടി.എം.സി ജലം അജ്ജംപുര ടണൽ വഴി കനാലുകളിലേക്ക് തുറന്നുവിടുകയും ചെയ്യും. 21473 കോടി രൂപ ചെലവ് കണക്കാക്കുന്ന പദ്ധതിക്കായി ബജറ്റിൽ വിഹിതം അനുവദിച്ചതിൽ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നന്ദിയറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.