കേരളത്തിലും തമിഴ്നാട്ടിലും ഒരുമിച്ച് തെരഞ്ഞെടുപ്പ്; ശിവകാശിക്കിത് ഉത്സവകാലം
text_fieldsശിവകാശി: കാലമെത്ര മാറിയാലും കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ശിവകാശിക്ക് ഇപ്പോഴും വലിയ സ്ഥാനമുണ്ട്. സംസ്ഥാനത്തെമ്പാടും സി.പി.സി മൾട്ടി കളർ മെഷീനുകൾ വരുംവരെ ശിവകാശിയിൽ നിന്നായിരുന്നു പ്രചാരണ സാമഗ്രികളുടെ അച്ചടി. ഗുണവും ലാഭവും നോക്കി ശിവകാശി പ്രിൻറിങ് തെരഞ്ഞെടുക്കുന്നവർ ഇപ്പോഴും കുറവുമല്ല.
കേരളത്തിലും തമിഴ്നാട്ടിലും ഒരുമിച്ച് തെരഞ്ഞെടുപ്പ് വന്നതോടെ ശിവകാശിക്ക് ഇപ്പോൾ ഉത്സവകാലമാണ്. വിവിധതരം പോസ്റ്ററുകളും ബുക്ക് ലെറ്റുകളും നോട്ടീസുകളുമാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി ശിവകാശിയിൽനിന്ന് പ്രിൻറ് ചെയ്യുന്നത്. തമിഴ്നാട്ടിലെ പ്രചാരണ രംഗത്ത് പോസ്റ്റർ പ്രിൻറിങ്ങില്ല.
കേരളത്തിലേതുപോലെ പതിക്കാൻ ചുമരുകളില്ലാത്തതാണ് പോസ്റ്ററുകൾ ഒഴിവാക്കാൻ കാരണം. വീടുവീടാന്തരമെത്തിക്കാനായി തയാറാക്കുന്ന നോട്ടീസുകളാണ് തമിഴകത്തെ പ്രധാന തെരഞ്ഞെടുപ്പ് പ്രചാരണസാമഗ്രി. ഇരു സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് രംഗം സജീവമായതോടെ പ്രിൻറിങ് പേപ്പറുകളുടെ കൃത്രിമക്ഷാമം റേറ്റ് ഉയർത്തിയിരിക്കുകയാണെന്നാണ് കേരളത്തിൽ നിന്നുള്ള പ്രിൻറിങ് ഏജൻറ് ഷാജീവ് പറയുന്നത്.
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് പോസ്റ്റർ പ്രിൻറിന് ഉപയോഗിക്കുന്ന 100 ജി.എസ്.എം റിയൽ ആർട്ട് പേപ്പറിന് ടാക്സ് ഉൾപ്പെടെ കിലോക്ക് 70 രൂപയായിരുന്നു. രണ്ടു മാസം കഴിയും മുമ്പേ വില നൂറിലേക്ക് ഉയർന്നു. പ്രിൻറിങ് ജോലികൾ വർധിച്ചതാകാം പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണമെന്നും ഷാജീവ് പറയുന്നു.
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നുള്ള പ്രിൻറിങ് ജോലികൾ ഏറ്റെടുക്കുന്ന ഷാജീവിനെ പോലെ സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിൽ നിന്നുള്ളവർ ശിവകാശിയെ ആശ്രയിച്ച് കഴിയുന്നുണ്ട്. കോവിഡ് കാലം കാര്യമായി ബാധിച്ച ഉത്സവ സീസൺ പ്രിൻറിങ്ങിൽനിന്നുള്ള ഉയിർത്തെഴുന്നേൽപാണ് ഇവർക്കെല്ലാം ഈ തെരഞ്ഞെടുപ്പ് കാലം. 400 ലധികം വിവിധതരം പ്രിൻറിങ്പ്രസുകൾ പ്രവർത്തിക്കുന്ന 'മിനി ജപ്പാൻ' എന്നറിയപ്പെടുന്ന ശിവകാശിയിൽ അരലക്ഷത്തോളം തൊഴിലാളികളാണ് പണിയെടുക്കുന്നത്.
നോട്ടുബുക്കുകൾ മുതൽ വിമാന ടിക്കറ്റുകൾ വരെ പ്രിൻറ് ചെയ്യുന്ന ശിവകാശി വിവിധ തരം കലണ്ടറുകൾക്കും പ്രസിദ്ധമാണ്. ട്രേഡ് ലേബലുകളടക്കം വിവിധ ഏഷ്യൻ രാജ്യങ്ങൾക്കുവേണ്ടി ശിവകാശിയിൽ തയാറാക്കുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.