യു.പിയില്‍ അങ്കത്തട്ടൊരുങ്ങി: എസ്.പിയില്‍ കലഹം തുടരുന്നു
text_fieldsന്യൂഡല്‍ഹി: യു.പിയില്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടും ഭരണപക്ഷമായ സമാജ്വാദി പാര്‍ട്ടിയില്‍ കുടുംബകലഹം തീരുന്നില്ല. പാര്‍ട്ടി പിളരുമോ താല്‍ക്കാലിക വെടിനിര്‍ത്തലുണ്ടാകുമോയെന്ന കാര്യം വ്യക്തമല്ല. മുലായം സിങ് യാദവും മകന്‍ അഖിലേഷ് യാദവും ചൊവ്വാഴ്ച രാത്രി ലക്നോവില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചക്കുശേഷം ഇരുഭാഗത്തുനിന്നും പ്രകോപനപരമായ നീക്കങ്ങളൊന്നുമുണ്ടായില്ല. അണിയറയില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പലതലങ്ങളില്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ട്.
അതേസമയം, പാര്‍ട്ടി ചിഹ്നം സൈക്കിളിന് അവകാശവാദമുന്നയിച്ച് മുലായവും അഖിലേഷും നല്‍കിയ ഹരജിയില്‍ ചട്ടം അനുസരിച്ച് ഉചിതമായ തീരുമാനമുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ വസീം സെയ്ദി പറഞ്ഞു. തര്‍ക്കമുയര്‍ന്ന പശ്ചാത്തലത്തില്‍ പാര്‍ട്ടി ചിഹ്നം സൈക്കിള്‍ തെരഞ്ഞെടുപ്പ് കമീഷന്‍ മരവിപ്പിക്കാനാണ് സാധ്യത. പാര്‍ട്ടി അണികളും നേതാക്കളും ഭൂരിപക്ഷവും ഒപ്പമുണ്ടെങ്കിലും ചിഹ്നം നഷട്പ്പെടുന്നത് അഖിലേഷിന് തെരഞ്ഞെടുപ്പില്‍ വലിയ നഷ്ടമുണ്ടാക്കും. അതേസമയം, കൂടെയുള്ളവര്‍ ചോര്‍ന്നുപോയ സാഹചര്യത്തില്‍ ചിഹ്നംകൂടി നഷ്ടമായാല്‍ മുലായത്തിന് പിടിച്ചുനില്‍ക്കാനാവില്ല.
ഈ സാഹചര്യത്തില്‍ ഇരുപക്ഷവും വിട്ടുവീഴ്ചചെയ്ത് താല്‍ക്കാലിക ഐക്യത്തിനുള്ള സാധ്യതയാണ് വിലയിരുത്തപ്പെടുന്നത്.
കുടുംബത്തില്‍ കലഹമുണ്ടാക്കിയതിന് മുഖ്യകാരണക്കാരനായി അഖിലേഷ് പക്ഷം കരുതുന്ന അമര്‍ സിങ്ങിനെ പുറത്താക്കുക, മുലായമിന്‍െറ സഹോദരന്‍കൂടിയായ ശിവപാല്‍ യാദവിനെ പാര്‍ട്ടിയുടെ യു.പി അധ്യക്ഷപദവിയില്‍നിന്ന് നീക്കി സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അഖിലേഷിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കുക എന്നീ ആവശ്യങ്ങളാണ് ഒത്തുതീര്‍പ്പിന് അഖിലേഷ് പക്ഷം മുന്നോട്ടുവെച്ച ആവശ്യങ്ങള്‍.
അതിന് മുലായം വഴങ്ങിയാല്‍ ദേശീയ അധ്യക്ഷപദവിയില്‍ മുലായം തിരിച്ചത്തെുന്നതില്‍ അഖിലേഷിന് എതിര്‍പ്പില്ല. എന്നാല്‍, അമര്‍ സിങ്ങിനെ പുറത്താക്കുകയെന്ന ആവശ്യം സ്വീകരിക്കാന്‍ മുലായം ഇതുവരെ തയാറായിട്ടില്ല. പിതാവിനും മകനുമിടയില്‍ ഒരിക്കല്‍ക്കൂടി ഒത്തുതീര്‍പ്പ് ശ്രമവുമായി മുതിര്‍ന്ന നേതാവ് അഅ്സംഖാന്‍ രംഗത്തുണ്ട്.
ഡല്‍ഹിയിലത്തെിയ മുലായവുമായി ചര്‍ച്ച നടത്തിയ അഅ്സംഖാന്‍ ഫോണില്‍ അഖിലേഷുമായും സംസാരിച്ചു. ഇതേതുടര്‍ന്നാണ് മുലായം ലക്നോവില്‍ തിരിച്ചത്തെിയ ഉടന്‍ അഖിലേഷ്-മുലായം ചര്‍ച്ചക്ക് വഴിയൊരുക്കിയത്.
നേരത്തേ, അഖിലേഷിനെയും രാം ഗോപാല്‍ യാദവിനെയും മുലായം പുറത്താക്കിയപ്പോള്‍ ഒത്തുതീര്‍പ്പിന് മുന്‍കൈയെടുത്തതും അഅ്സംഖാനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.