കോൺഗ്രസിന്റെ തോൽവിയിൽ ഹൃദയം നുറുങ്ങുന്നുവെന്ന് ഗുലാം നബി ആസാദ്
text_fieldsഅഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയമായി മൂക്കുകുത്തിയതിൽ ഹൃദയം നുറുങ്ങിപ്പോയതായി മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. തോൽവിക്ക് പിന്നാലെ യോഗം ചേരാനൊരുങ്ങുകയാണ്
പാര്‍ട്ടിയിലെ തിരുത്തല്‍വാദികള്‍.
ജി -23 നേതാക്കള്‍ നാളെ ഗുലാം നബി ആസാദിന്‍റെ വസതിയില്‍ ഒത്തുചേരുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. "ഞാൻ ഞെട്ടിപ്പോയി. ഓരോ സംസ്ഥാനത്തും നമ്മുടെ തോൽവി കാണുമ്പോൾ എന്റെ ഹൃദയം നുറുങ്ങുകയാണ്. ഞങ്ങൾ ഞങ്ങളുടെ യുവത്വവും ജീവിതവും മുഴുവനായി പാര്‍ട്ടിക്ക് നൽകി. ഞാനും എന്റെ സഹപ്രവർത്തകരും ചൂണ്ടിക്കാട്ടിയ എല്ലാ ബലഹീനതകളും കുറവുകളും പാർട്ടിയുടെ നേതൃത്വം ശ്രദ്ധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്"- ഗുലാംനബി ആസാദ് പറഞ്ഞു.
കോണ്‍ഗ്രസില്‍ ഉടൻ അഴിച്ചുപണി നടത്തണമെന്നാണ് മുതിര്‍ന്ന നേതാക്കളുടെ നിലപാട്. തെരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ കോൺഗ്രസിൽ മാറ്റം അനിവാര്യമെന്ന് ശശി തരൂർ എം.പി സമൂഹമാധ്യമങ്ങൾ വഴി അറിയിച്ചു. കോൺഗ്രസിൽ വിശ്വസിക്കുന്നവരെല്ലാം തെരഞ്ഞെടുപ്പ് തോൽവിയിൽ വേദനിക്കുന്നുണ്ട്. സംഘടനാ നേതൃത്വത്തെ നവീകരിക്കേണ്ട സമയമാണിതെന്നും ശശി തരൂർ തുറന്നടിച്ചു. വരുംദിവസങ്ങളിൽ പാർട്ടിയിൽനിന്ന് കൂടുതൽ എതിർശബ്ദങ്ങൾ പുറത്തുവരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.