റമദാന് വൈദ്യുതിയുണ്ടെങ്കിൽ ദീപാവലിക്കും വേണം; വിവേചനം അനുവദിക്കില്ലെന്ന് മോദി
text_fieldsഫത്തേപൂർ: റമദാന് വൈദ്യുതിയുണ്ടെങ്കിൽ ദീപാവലിക്ക് തീർച്ചയായും ഉണ്ടായിരിക്കണമെന്നും ജാതിയുടെയും മതത്തിന്റെയും പേരിൽ സർക്കാർ ഒരിക്കലും വിവേചനം കാണിക്കരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.പിയിൽ സമാജ്‍വാദി പാർട്ടി ജനങ്ങളെ മതപരമായും ജാതീയമായും വിഭജിച്ചുകൊണ്ടുള്ള രാഷ്ട്രീയം കളിക്കുകയാണ്. അഴിമതി വ്യാപകമായി. കൈക്കൂലി നൽകിയാൽ അല്ലാതെ േജാലി ലഭിക്കില്ലെന്ന സ്ഥിതിയായി. തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ഭയത്തിൽ ഭരണകക്ഷി പുതിയൊരു സഖ്യത്തിൽ ഏർപ്പെട്ടിരിക്കുകയാണ്.
റാം മനോഹർ ലോഹ്യയുടെ പ്രത്യയശാസ്ത്രത്തെ അപമാനിച്ച് രാജ്യത്തെ കൊള്ളയടിച്ചവർക്കൊപ്പം എസ്.പി ചേർന്നു. സംസ്ഥാനത്ത് കഴിഞ്ഞ പത്തുവർഷമായി യാതൊരു വികസനവും നടക്കുന്നില്ല. വികസനത്തിന്റെ ഈ വനവാസം ഇപ്പോൾ അവസാനിക്കണം. രാജ്യം വളരെ വേഗത്തിൽ കുതിക്കുകയാണ്, ഉത്തർപ്രദേശും അതിനൊപ്പം വളരണം. യു.പിയിലെ പൊലീസ് നിഷ്ക്രിയരാണ്. എസ്.പി നേതാവും മന്ത്രിയുമായ ഗായത്രി പ്രജാപതിക്കെതിരെ കേസ് റജിസ്റ്റർ ചെയ്യാൻ സുപ്രീംകോടതി ഇടപെടേണ്ടി വന്നുവെന്നും മോദി ചൂണ്ടിക്കാട്ടി.
ജനങ്ങളുടെ സുരക്ഷക്ക് പ്രധാന്യം നൽകുന്ന സർക്കാറിനെ ജനം തെരഞ്ഞെടുക്കണം. യു.പിയിൽ എവിടെയും ഗുണ്ടാരാജ് ആണ്. പൊലീസ് സ്റ്റേഷനുകൾ സമാജ്‍വാദി പാർട്ടിയുടെ ഒാഫീസുകളായി മാറി. അഖിലേഷിെൻറ ശബ്ദത്തിൽ ഇടർച്ചയുണ്ടെന്നും അദ്ദേഹത്തിന്റെ ശരീരഭാഷ തോൽവിയെ സൂചിപ്പിക്കുന്നുവെന്നും മോദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.