കേരളത്തിൽ കൊടി വിവാദവും തമ്മിൽതല്ലും; തമിഴകത്ത് ഒറ്റക്കെട്ട്
text_fieldsചെന്നൈ: കേരളത്തിൽ പതാക വിവാദം ആളിക്കത്തുമ്പോഴും തൊട്ടടുത്ത തമിഴകത്ത് കോൺഗ്രസും സി.പി.എമ്മും മുസ്ലിം ലീഗും ഒറ്റക്കെട്ട്. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ റോഡ്ഷോയിൽ ലീഗ് പതാക ഒഴിവാക്കിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനത്തിന് മറുപടിയായി കേരളത്തിന് പുറത്ത് സി.പി.എമ്മിന്റെ കൊടി ഉയരണമെങ്കിൽ കോൺഗ്രസിന്റെ കൊടിയുമായി കൂട്ടിക്കെട്ടണമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി തിരിച്ചടിച്ചിരുന്നു.
രാഷ്ട്രീയത്തിലെ ശത്രുതയും ആശയപരമായ ഭിന്നതകളും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അപ്രസക്തമാണെന്ന് തെളിയിക്കുന്നതാണ് തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യം. കേരളത്തിൽ തമ്മിൽതല്ലുന്ന സി.പി.എമ്മും കോൺഗ്രസും മുസ്ലിം ലീഗും അതിർത്തി കടന്ന് തമിഴ്നാട്ടിലേക്ക് കടന്നാൽ കൈകോർത്ത് പ്രചാരണരംഗത്ത് നീങ്ങുന്നത് കാണാം. പ്രചാരണ വാഹനങ്ങളിലും പ്രകടനങ്ങളിലും നോട്ടീസുകളിലും പോസ്റ്ററുകളിലും പാർട്ടി പതാകകളും ചിഹ്നങ്ങളും ഒന്നിച്ചുകാണാം. നേതാക്കളുടെ വാഹനങ്ങളിലും കൊടികൾ പിടിപ്പിച്ചിട്ടുണ്ട്. ഡി.എം.കെയുടെ നേതൃത്വത്തിലുള്ള മതേതര മുന്നണിയിൽ കോൺഗ്രസ് ഒമ്പത് സീറ്റിലും സി.പി.എമ്മും സി.പി.ഐയും രണ്ട് സീറ്റിൽ വീതവും മത്സരിക്കുന്നു. മുസ്ലിം ലീഗിന് ഒരു സീറ്റാണ് നൽകിയത്. കേരളത്തിലെ ഇടത് പാർട്ടി പ്രവർത്തകരെ സംബന്ധിച്ചിടത്തോളം ബി.ജെ.പി, കോൺഗ്രസ്, മുസ്ലിം ലീഗ് കക്ഷികളുമായി രാഷ്ട്രീയ സൗഹൃദം ആലോചിക്കാൻപോലും കഴിയില്ല. എന്നാൽ, തമിഴ്നാട്ടിലെ ഇടതുപാർട്ടികൾക്ക് ഇതൊന്നും പ്രശ്നമല്ല. മോദി സർക്കാറിനെ താഴെയിറക്കുകയാണ് ആത്യന്തിക ലക്ഷ്യമെന്നും ഇതിെൻറ ഭാഗമായാണ് കോൺഗ്രസ്, മുസ്ലിം ലീഗ് കക്ഷികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതെന്നും ഇടത് നേതാക്കൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.