സാമ്പത്തിക പ്രതിസന്ധി; തെരഞ്ഞെടുപ്പ് സമയത്തെ സൗജന്യ വാഗ്ദാനങ്ങൾ ഒഴിവാക്കാൻ പ്രത്യേക സമിതി
text_fieldsന്യൂഡല്‍ഹി : തിരഞ്ഞെടുപ്പ് സമയത്തെ രാഷ്ട്രീയ പാർട്ടികളുടെ സൗജന്യ വാഗ്ദാനങ്ങളും , ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതും വലിയ തോതിൽ സാമ്പത്തിക പ്രതിസന്ധിക്ക് വഴിയൊരുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. അശ്രദ്ധമായി സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്നതില്‍നിന്ന് രാഷ്ട്രീയ പാര്‍ട്ടികളെ വിലക്കണമെന്നതിന്റെ ആവശ്യത്തെക്കുറിച്ച് പഠിക്കാന്‍ വിദഗ്ദ്ധ സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.
ധനകാര്യ കമ്മീഷന്‍, നീതി ആയോഗ്, റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, പ്രതിപക്ഷ പാര്‍ട്ടികള്‍ എന്നിവയുടെ പ്രതിനിധികള്‍ കൂടി ഉള്‍പെടുന്നതാകും സമിതിയെന്നും ചീഫ് ജസ്റ്റിസ് എന്‍.വി രമണ പറഞ്ഞു . രാഷ്ട്രീയ പാർട്ടികളുടെ സൗജന്യ വാഗ്ദാനങ്ങൾ വോട്ടര്‍മാരില്‍ പ്രതികൂലമായി സ്വാധീനിക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.
ഇത് സാമ്പത്തിക ദുരന്തത്തിന് വഴിവെക്കും. അതിനാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതേക്കുറിച്ച് വിശദമായി പരിശോധിക്കണമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. തെരെഞ്ഞെടുപ്പ് സമയത്ത് സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചത്.
സോളിസിറ്റര്‍ ജനറലിന്റെ വാദത്തോട് ചീഫ് ജസ്റ്റിസ് എന്‍.വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് യോജിച്ചു. നികുതിയായി ലഭിക്കുന്ന പണം വികസനത്തിന് ഉപയോഗിക്കുന്നില്ല എന്ന തോന്നല്‍ ചിലര്‍ക്കുണ്ട്. അതിനാല്‍ തന്നെ ഈ വിഷയം വിശദമായി ചര്‍ച്ച ചെയ്യേണ്ടതാണ്.
സാമ്പത്തിക മേഖലയെ രൂക്ഷമായി ബാധിക്കുന്ന പ്രഖ്യാപനങ്ങള്‍ തടയാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കണമെന്ന ശുപാര്‍ശ തയ്യാറാക്കാന്‍ വിദഗ്ദ്ധ സമിതിക്ക് രൂപം നൽകുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ധനകാര്യ കമ്മീഷന്‍, നീതി ആയോഗ്, റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, നിയമ കമ്മീഷന്‍, പ്രതിപക്ഷ പാര്‍ട്ടികള്‍ എന്നിവയുടെ പ്രതിനിധികള്‍ സമിതിയില്‍ അംഗങ്ങള്‍ ആയിരിക്കും.
സമിതിയുടെ ഘടന, പരിഗണന വിഷയങ്ങള്‍ എന്നിവ സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് കേസിലെ വിവിധ കക്ഷികളോട് നിര്‍ദേശിച്ചു. നിര്‍ദേശങ്ങള്‍ പരിഗണിച്ച ശേഷം അടുത്ത തിങ്കളാഴ്ച ഉത്തരവിറക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
അതേസമയം പാര്‍ലമെന്റാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയില്‍ വാദിച്ചു. സമിതിയുടെ റിപ്പോര്‍ട്ട് സുപ്രീം കോടതിക്കും, കേന്ദ്ര സര്‍ക്കാരിനും, തെരെഞ്ഞെടുപ്പ് കമ്മീഷനും കൈമാറട്ടെയെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.