ഇലക്ടറൽ ബോണ്ട്; കൈമാറാൻ മൂന്ന് മാസം ആവശ്യമാണെന്ന് പറഞ്ഞ വിവരങ്ങൾ എസ്.ബി.ഐ ഇന്ന് നൽകണം
text_fieldsന്യൂഡൽഹി: സുപ്രീംകോടതി ഉത്തരവ് പ്രകാരം ഇലക്ടറൽ ബോണ്ട് വിവരങ്ങൾ എസ്.ബി.ഐ ഇന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് കൈമാറണം. ഇലക്ടറൽ ബോണ്ട് വിവരങ്ങൾ നൽകാൻ ജൂൺ 30 വരെ സമയം ആവശ്യപ്പെട്ട എസ്.ബി.ഐയുടെ ഹരജി ഇന്നലെ സുപ്രീംകോടതി തള്ളിയിരുന്നു. ഉത്തരവ് അനുസരിച്ചില്ലെങ്കിൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുമെന്ന കർശന മുന്നറിയിപ്പോടെയാണ് ഹരജി തള്ളിയത്. എസ്.ബി.ഐക്കും കേന്ദ്ര സർക്കാറിനും കനത്ത തിരിച്ചടിയായി സുപ്രീംകോടതി വിധി.
എസ്.ബി.ഐ ഇലക്ടറൽ ബോണ്ട് വിവരങ്ങൾ ഇന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിക്കണമെന്നും, കമീഷൻ ഈ വിവരങ്ങൾ മാർച്ച് 15ന് വെബ്സൈറ്റിൽ പരസ്യപ്പെടുത്തണമെന്നുമാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഉത്തരവിട്ടത്. സമയം നീട്ടിനൽകാനുള്ള എസ്.ബി.ഐയുടെ ആവശ്യത്തെ ഇന്നലെ രൂക്ഷമായി വിമർശിച്ച കോടതി, ഭരണഘടനാ ബെഞ്ചിന്‍റെ വിധി വന്ന ശേഷമുള്ള 26 ദിവസം ബാങ്ക് എന്തെടുക്കുകയായിരുന്നുവെന്നും ചോദിച്ചിരുന്നു.
കോടതി ആവശ്യപ്പെട്ട വിവരങ്ങൾ സമാഹരിക്കൽ സങ്കീർണവും സമയമെടുക്കുന്നതുമായ പ്രക്രിയയാണെന്നും ഡിജിറ്റൽ രൂപത്തിലും കേന്ദ്രീകൃത രൂപത്തിലും സൂക്ഷിച്ചിട്ടില്ലെന്നുമായിരുന്നു എസ്.ബി.ഐയുടെ വാദം. എന്നാൽ, ഇത് കോടതി തള്ളി. പാർട്ടികൾക്ക് സംഭാവന നൽകാൻ ബോണ്ട് വാങ്ങിയ ആളുകളുടെയും ആ ബോണ്ടുകൾ സ്വീകരിച്ച് പണമാക്കിയ പാർട്ടികളുടെയും വിവരങ്ങൾ മുദ്രവെച്ച കവറുകളിലായി എസ്.ബി.ഐയുടെ മുംബൈ ബ്രാഞ്ചിലുണ്ട്. അവ വെളിപ്പെടുത്താനാണ് ആവശ്യപ്പെട്ടത്. വിവരങ്ങൾ ഒത്തുനോക്കാൻ എസ്.ബി.ഐയോട് പറഞ്ഞിട്ടില്ല -കോടതി വ്യക്തമാക്കി.
എന്താണ് ഇലക്ടറൽ ബോണ്ട്?
കോർപറേറ്റുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും സ്വന്തം വിലാസം വെളിപ്പെടുത്താതെ രാഷ്ട്രീയ പാർട്ടികൾക്ക് നൽകാവുന്ന സംഭാവനയാണ് ഇലക്ടറൽ ബോണ്ടുകൾ. രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരഞ്ഞെടുത്ത ശാഖകളിൽ നിന്നും നിശ്ചിത തുകക്കുള്ള ഇലക്ടറൽ ബോണ്ടുകൾ വാങ്ങാം. ഏതൊരു ഇന്ത്യൻ പൗരനും സ്ഥാപനത്തിനും ഇതിലൂടെ എത്ര രൂപ വേണമെങ്കിലും സംഭാവന നൽകാനാവും. ആരാണ് പണം നൽകിയതെന്ന് പാർട്ടികൾക്ക് വെളിപ്പെടുത്തേണ്ടതില്ല. എന്നാൽ, ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാക്കി ഫെബ്രുവരി 15ന് സുപ്രീംകോടതി ഇലക്ടറൽ ബോണ്ട് പദ്ധതി റദ്ദാക്കുകയായിരുന്നു.
ബോണ്ട് വഴി രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച സംഭാവനകൾ
കഴിഞ്ഞ സാമ്പത്തിക വർഷം സംഭാവനയായി ഇലക്ടറൽ ബോണ്ടുകൾ ഏറ്റവും കൂടുതൽ കിട്ടിയത് ഭരണകക്ഷിയായ ബി.ജെ.പിക്കാണ്. 2022-23ൽ 1,300 കോടി രൂപയാണ് ബി.ജെ.പി സംഭാവന പിരിച്ചത്. കോൺഗ്രസിന് കിട്ടിയതിന്റെ ഏഴിരട്ടി തുകയാണിത്. കോൺഗ്രസിന് സംഭാവന വൻതോതിൽ കുറയുകയും ചെയ്തു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ബി.ജെ.പിയുടെ മൊത്തം സംഭാവന 2,120 കോടി രൂപയായിരുന്നു. ഇതിൽ 61 ശതമാനവും ഇലക്ടറൽ ബോണ്ടുകളിൽ നിന്നാണെന്ന് തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ച പാർട്ടിയുടെ വാർഷിക ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. 2021-22 വർഷത്തിൽ ബി.ജെ.പിക്ക് ലഭിച്ച മൊത്തം സംഭാവന 1,775 കോടി രൂപയായിരുന്നു. അതേവർഷം വർഷത്തിൽ 1,917 കോടി രൂപയായിരുന്ന പാർട്ടിയുടെ മൊത്ത വരുമാനം 2022-23ൽ 2,360.8 കോടി രൂപയായി. അതേസമയം, 2021-22 വർഷത്തിൽ 236 കോടി രൂപ ഇലക്ടറൽ ബോണ്ടുകളിൽ നിന്ന് സമാഹരിച്ച കോൺഗ്രസിന് കഴിഞ്ഞ വർഷം കിട്ടിയത് 171 കോടി രൂപ മാത്രമാണ്. ഇലക്ടറൽ ബോണ്ടിനെതിരെ സുപ്രീംകോടതിയെ സമീപിച്ച സി.പി.എം ബോണ്ട് വഴി സംഭാവന സ്വീകരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.