ഇലക്ടറൽ ബോണ്ട്: നഷ്ടത്തിലോടുന്ന 33 കമ്പനികൾ സംഭാവന നൽകിയത് 582 കോടി, 75 ശതമാനവും പോയത് ബി.ജെ.പിക്ക്
text_fieldsന്യൂഡൽഹി: വർഷങ്ങളായി നഷ്ടത്തിൽ പ്രവർത്തിക്കുന്ന 33 കമ്പനികൾ ഇലക്ടറൽ ബോണ്ടുകൾ വാങ്ങി രാഷ്ട്രീയപാർട്ടികൾക്ക് സംഭാവനയായി നൽകിയത് 582 കോടി രൂപ. ഇതിന്‍റെ 75 ശതമാനവും, അതായത് 434.2 കോടി രൂപ, എത്തിയത് ബി.ജെ.പിയുടെ അക്കൗണ്ടിലാണ്. നഷ്ടമുണ്ടാക്കുന്ന ഈ കമ്പനികൾ നൽകിയ സംഭാവനയുടെ കണക്കുകൾ, ഈ കമ്പനികൾ മറ്റ് കമ്പനികളുടെ മുഖമായി പ്രവർത്തിക്കുകയോ, അല്ലെങ്കിൽ ലാഭനഷ്ടങ്ങൾ തെറ്റായി കാണിക്കുകയോ ചെയ്യുന്നവയാകാമെന്നും കള്ളപ്പണം വെളുപ്പിക്കൽ പോലെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിലേക്ക് വിരൽചൂണ്ടുന്നതാണെന്നും 'ദ ഹിന്ദു' റിപ്പോർട്ട് ചെയ്യുന്നു.
33 കമ്പനികൾ 2016-17 സാമ്പത്തിക വർഷം മുതൽ 2022-23 വരെ തുടർച്ചയായ ഏഴ് വർഷം നഷ്ടത്തിലാണെന്ന് കണക്കുകൾ കാണിച്ച കമ്പനികളാണ്. ഇവയുടെയെല്ലാം ചേർന്നുള്ള നഷ്ടം ലക്ഷം കോടിക്ക് മുകളിലാണ്.
കോടികൾ സംഭാവനയായി നൽകിയ 45 കമ്പനികളുടെ സാമ്പത്തിക സ്രോതസ്സ് സംശയാസ്പദമാണെന്ന് 'ദി ഹിന്ദു' റിപ്പോർട്ട് ചെയ്യുന്നു. ഇതിലുൾപ്പെടുന്നതാണ് നഷ്ടത്തിലായിട്ടും കോടികൾ സംഭാവന നൽകിയ 33 കമ്പനികൾ. ഇതിന് പുറമേയുള്ള ആറ് കമ്പനികൾ ചേർന്ന് ഇലക്ടറൽ ബോണ്ട് വഴി സംഭാവന നൽകിയത് 646 കോടിയാണ്. ഇതിൽ 93 ശതമാനവും പോയത് ബി.ജെ.പിക്കാണ്. ആറ് കമ്പനികളും ലാഭത്തിലുള്ളവയാണെങ്കിലും സംഭാവന ചെയ്ത തുക ഇവയുടെ പ്രവർത്തന ലാഭത്തേക്കാളും കൂടുതലാണ്. ഇവ മറ്റ് കമ്പനികൾക്ക് വേണ്ടി രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകുകയോ അല്ലെങ്കിൽ ലാഭനഷ്ടക്കണക്കുകൾ തെറ്റായി കാണിക്കുകയോ ചെയ്തിരിക്കാമെന്നാണ് നിഗമനം.
സംശയാസ്പദമായ 45 കമ്പനികളിലെ മൂന്ന് കമ്പനികൾ ആകെ സംഭാവന നൽകിയത് 193.8 കോടിയാണ്. ഇതിൽ 28.3 കോടി ബി.ജെ.പിക്ക് കിട്ടിയപ്പോൾ കോൺഗ്രസിന് കിട്ടിയത് 91.6 കോടിയാണ്. തൃണമൂലിന് 45.9 കോടിയും ബി.ആർ.എസിനും ബി.ജെ.ഡിക്കും 10 കോടി വീതവും ആപ്പിന് ഏഴ് കോടിയും ലഭിച്ചു. ഈ കമ്പനികൾ ലാഭത്തിലോടുന്നവയാണെങ്കിലും 2016-17 മുതൽ 2022-23 വരെ ഡയറക്ട് ടാക്സ് അടച്ചിട്ടില്ല. ഇത്തരം കമ്പനികൾ നികുതിവെട്ടിപ്പ് നടത്തിയിരിക്കാമെന്നാണ് അനുമാനം.
45ൽ അവശേഷിക്കുന്ന മറ്റ് മൂന്ന് കമ്പനികൾ 16.4 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടാണ് വാങ്ങിയത്. 30 ശതമാനം (4.9 കോടി) ബി.ജെ.പിക്കും 58 ശതമാനം കോൺഗ്രസ്സിനും ആറ് ശതമാനം വീതം അകാലിദളിനും ജെ.ഡി.യുവിനും ലഭിച്ചു. ഈ മൂന്ന് കമ്പനികൾ ഏഴ് വർഷമായി ലാഭ-നഷ്ടക്കണക്കുകൾ സമർപ്പിച്ചിട്ടില്ലാത്തവയാണ്. ഇവ കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള ഷെൽ കമ്പനികളായി പ്രവർത്തിക്കുന്നവയാണെന്ന സംശയമാണുയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.