കാലാവധി കഴിഞ്ഞവ പണമാക്കാൻ കേന്ദ്രം ബി.ജെ.പിയെ സഹായിച്ചു
text_fieldsന്യൂഡൽഹി: കാലാവധി കഴിഞ്ഞ ബോണ്ടുകൾ ബി.ജെ.പിക്കായി നിയമവിരുദ്ധമായി പണമാക്കിമാറ്റാൻ ഇലക്ടറൽ ബോണ്ട് ചട്ടങ്ങൾ മറികടന്ന് കേന്ദ്രസർക്കാർ മിന്നൽ വേഗത്തിൽ അനുമതി നൽകിയതായി കണ്ടെത്തൽ. തെരഞ്ഞെടുപ്പ് കമീഷൻ നടത്തിയ പുതിയ വെളിപ്പെടുത്തലുകളിലാണ് 2018ലെ കർണാടക തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബി.ജെ.പിക്കുവേണ്ടിയുള്ള കേന്ദ്ര ഇടപെടൽ പുറത്തുവന്നത്.
കാലാവധി കഴിഞ്ഞ 10 കോടിയുടെ ഇലക്ടറൽ ബോണ്ടുകളുമായി തന്റെ പാർട്ടിക്കാർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെത്തിയപ്പോൾ അവ സ്വീകരിക്കാൻ അരുൺ ജെയ്റ്റ്ലി നേതൃത്വം നൽകിയ കേന്ദ്ര ധനമന്ത്രാലയം ബാങ്കിനെ നിർബന്ധിക്കുകയായിരുന്നു. ബോണ്ടുകൾ പണമാക്കിമാറ്റാൻ 15 ദിവസ കാലാവധിക്ക് രണ്ടുദിവസം കഴിഞ്ഞാണ് ഇവർ എത്തിയിരുന്നതെന്ന് കൊമോഡോർ(റിട്ട.) ലോകേഷ് ബത്ര സംഘടിപ്പിച്ച ഔദ്യോഗിക രേഖകൾ വെച്ച് 2019ൽ റിപ്പോർട്ടേഴ്സ് കലക്ടിവ് റിപ്പോർട്ട് ചെയ്തിരുന്നു. പേരറിയാത്ത രാഷ്ട്രീയ പാർട്ടി എന്നായിരുന്നു അന്നത്തെ റിപ്പോർട്ട്. തെരഞ്ഞെടുപ്പ് കമീഷൻ പേരുവിവരങ്ങൾ പുറത്തുവിട്ടതോടെയാണ് ഭരിക്കുന്ന രാഷ്ട്രീയ കക്ഷിക്കുവേണ്ടിയായിരുന്നു ഇടപെടലെന്ന് വ്യക്തമായതെന്ന് റിപ്പോർട്ടേഴ്സ് കലക്ടിവ് പറയുന്നു.
ഇത് ‘പ്രധാനമന്ത്രി ഗുണ്ടാപ്പിരിവ് യോജന’- കോൺഗ്രസ്
ന്യൂഡൽഹി: ഇലക്ടറൽ ബോണ്ടുകളെന്ന പേരിൽ മോദി സർക്കാർ നടപ്പാക്കിയത് ‘ഗുണ്ടാപ്പിരിവെ’ന്ന് കോൺഗ്രസ്. സി.ബി.ഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി), ആദായ നികുതി വകുപ്പ് എന്നിവയുടെ അന്വേഷണം നേരിട്ട 21 കമ്പനികളാണ് ഇലക്ടറൽ ബോണ്ടുകൾ വഴി സംഭാവന നൽകിയതെന്നും ഓരോ ദിവസം കഴിയുന്തോറും ഇലക്ടറൽ ബോണ്ട് കുംഭകോണത്തിന്റെ യഥാർഥ ആഴം പുറത്തുവരുകയാണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു. ‘‘ഇന്ന് നാം ‘പ്രധാനമന്ത്രി ഹഫ്ത വസൂലി യോജന’യെക്കുറിച്ച് കൂടുതൽ അടുത്തറിയുകയാണ്. ഇലക്ടറൽ ബോണ്ട് കുംഭകോണത്തിലെ നാലു മാർഗങ്ങളിൽ രണ്ടാമത്തേതാണിത്’’- എക്സ് പോസ്റ്റിൽ ജയ്റാം രമേശ് കുറിച്ചു. വിവിധ കമ്പനികൾ വാങ്ങിയ ബോണ്ടുകളും ഏജൻസികളുടെ അന്വേഷണവുമായുള്ള ബന്ധവും അദ്ദേഹം വിശദീകരിച്ചു.
‘2022 നവംബർ 10ന് ഡൽഹി സർക്കാർ മദ്യനയ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് അരബിന്ദോ ഫാർമ ഡയറക്ടർ പി. ശരത് ചന്ദ്ര റെഡ്ഡിയെ ഇ.ഡി അറസ്റ്റ് ചെയ്യുന്നു. അഞ്ചുദിവസം കഴിഞ്ഞ് അരബിന്ദോ ഫാർമ വാങ്ങിയത് അഞ്ചുകോടിയുടെ ഇലക്ടറൽ ബോണ്ട്. 2018ൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി ആറുമാസത്തിനുശേഷം നവയുഗ എൻജിനീയറിങ് കമ്പനി 30 കോടിയുടെ ഇലക്ടറൽ ബോണ്ടുകൾ വാങ്ങി. 2023 ഡിസംബർ ഏഴിന് രുങ്ത സൺസ് കമ്പനിയുടെ മൂന്ന് യൂനിറ്റുകളിൽ ആദായ നികുതി വകുപ്പ് പരിശോധനക്കുശേഷം ജനുവരി 11ന് ഒരു കോടി വീതം മൂല്യമുള്ള 50 ഇലക്ടറൽ ബോണ്ടുകൾ കമ്പനി വാങ്ങുന്നു.
ഹൈദരാബാദിലെ ഷിർദിസായ് ഇലക്ട്രിക്കൽസ് കമ്പനിയിൽ കഴിഞ്ഞ ഡിസംബർ 20ന് ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നു. ജനുവരി 11ന് 40 കോടിയുടെ ഇലക്ടറൽ ബോണ്ടുകൾ കമ്പനി വാങ്ങുന്നു. റെഡ്ഡി ലാബ്സിൽ കഴിഞ്ഞ നവംബറിൽ പണം തിരിമറി പറഞ്ഞ് ആദായ നികുതി അന്വേഷണം നടത്തി. പിറകെ ആദ്യം 31 കോടി, നവംബറിൽ 21 കോടി, ജനുവരിയിൽ 10 കോടി എന്നിങ്ങനെയും ഇലക്ടറൽ ബോണ്ട് വാങ്ങുന്നു. പട്ടിക ഇങ്ങനെ നീളുമെന്ന് ജയ്റാം രമേശ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.