ഇലക്ടറൽ ബോണ്ട്; ലോകത്തിലെ ഏറ്റവും വലിയ അഴിമതിയെന്ന് ഡോ. പരകാല പ്രഭാകർ, ‘പി.എം കെയേഴ്സ് ഫണ്ടും അഴിമതി തന്നെ’
text_fieldsബംഗളൂരു: ഇലക്ടറൽ ബോണ്ട് ലോകത്തിലെ ഏറ്റവും വലിയ അഴിമതിയാണെന്ന് രാഷ്ട്രീയ സാമ്പത്തിക വിദഗ്ധൻ ഡോ. പരകാല പ്രഭാകർ. സുതാര്യമായ രാഷ്ട്രീയ ഫണ്ടിംഗ് എന്നാണ് ഇലക്ടറൽ ബോണ്ടിനെ ബി.ജെ.പി വിശേഷിപ്പിക്കുന്നത്. ഇതിനെ പാടെ തള്ളിക്കളയുകയാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാറാമിന്റെ ഭർത്താവ് കൂടിയായ ഡോ. പരകാല പ്രഭാകർ. ഇലക്ടറൽ ബോണ്ട് മാത്രമല്ല, പി.എം കെേയഴ്സ് ഫണ്ടും അഴിമതിയാണെന്ന് പ്രഭാകർ പറയുന്നു.
ഇത് രാഷ്ട്രീയ ഫണ്ടിംഗിലെ സുതാര്യതയാണെങ്കിൽ, അത് പ്രാബല്യത്തിൽ വന്ന 2018 മുതൽ എന്തുകൊണ്ട് സർക്കാർ ജനങ്ങളോട് പറഞ്ഞില്ലെന്ന് പ്രഭാകർ ചോദിക്കുന്നു. എന്തുകൊണ്ടാണ് ഹർജിക്കാർ വസ്തുത അറിയാൻ പരമോന്നത കോടതിയായ സുപ്രീം കോടതിയിൽ പോയത്. അതിന് സാഹചര്യം ഒരുക്കിയത് ആരാണ്?. വിശദാംശങ്ങൾ അവതരിപ്പിക്കാൻ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ സർക്കാർ സമയം ചോദിച്ചത് എന്തുകൊണ്ട്?.
കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി മോദി വന്‍തോതില്‍ പണം സമാഹരിക്കുകയായിരുന്നുവെന്നും പ്രഭാകർ കുറ്റപ്പെടുത്തി. ഇലക്ടറൽ ബോണ്ട് കള്ളപ്പണം വെളുപ്പിക്കാനുള്ള മാർഗമായി മാറിയെന്നും പ്രഭാകർ പറഞ്ഞു. ലാഭം ഉള്ള സ്ഥാപനങ്ങളും നഷ്ടത്തിലുള്ളവയും പണം നൽകി. ഇവർക്ക് എവിടെ നിന്നും പണം ലഭിച്ചുവെന്ന് വ്യക്തമല്ല. അത് ഏറെ ആശ്ചര്യപ്പെടുത്തിയതായി പ്രഭാകർ പറഞ്ഞു.
സ്വതന്ത്രമായി പ്രവർത്തിക്കേണ്ട സ്ഥാപനമായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഈ വിഷയത്തിൽ വഴിവിട്ട് പ്രവർത്തിച്ചു. ഇലക്ടറൽ ബോണ്ട് വാങ്ങിയതിന് ശേഷം നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത് നാം കണ്ടു. അതായത് ആർ.ബി.ഐ പോലും വിട്ടുവീഴ്ച ചെയ്യുകയാണുണ്ടായത്. ചങ്ങാത്ത മുതലാളിത്തമാണ് രാജ്യത്ത് നടക്കുന്നതെന്നും പ്രഭാകർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.