ഇലക്ടറൽ ബോണ്ട്: എസ്.ബി.ഐയുടെ ഹരജി 11ന് പരിഗണിക്കും
text_fieldsന്യൂഡൽഹി: ഇലക്ടറൽ ബോണ്ടുകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ ജൂൺ 30 വരെ സമയം നീട്ടിച്ചോദിച്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) അപേക്ഷ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് മാർച്ച് 11ന് പരിഗണിക്കും.
മാർച്ച് ആറിനകം വിവരങ്ങൾ കൈമാറണമെന്ന സുപ്രീംകോടതി നിർദേശം അവഗണിച്ചതിന് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) സമർപ്പിച്ച കോടതിയലക്ഷ്യ ഹരജിയും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ പരിഗണനക്കുവരും.
രാഷ്ട്രീയ പാർട്ടികൾക്ക് രഹസ്യമായി സംഭാവന നൽകാൻ കഴിയുന്ന ഇലക്ടറൽ ബോണ്ട് സംവിധാനം ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഫെബ്രുവരി 15നാണ് അഞ്ചംഗ ഭരണഘടന ബെഞ്ച് റദ്ദാക്കിയത്.
ഇലക്ടറൽ ബോണ്ടിലേക്ക് സംഭാവന നൽകിയവർ ആരൊക്കെ, തുകയെത്ര എന്നീ വിശദാംശങ്ങൾ മാർച്ച് ആറിനകം തെരഞ്ഞെടുപ്പ് കമീഷന് കൈമാറാൻ എസ്.ബി.ഐക്ക് നിർദേശം നൽകുകയും ചെയ്തു. കമീഷൻ ഈ വിവരങ്ങൾ വെബ്സൈറ്റിലൂടെ മാർച്ച് 13നകം പുറത്തുവിടണമെന്നും ഉത്തരവിട്ടു. എന്നാൽ, വിവരങ്ങൾ ക്രോഡീകരിച്ച് കൈമാറാൻ ജൂൺ 30 വരെ സമയം ആവശ്യപ്പെട്ട് മാർച്ച് നാലിന് എസ്.ബി.ഐ സുപ്രീംകോടതിയിൽ അപേക്ഷ നൽകുകയായിരുന്നു.
വിവരങ്ങൾ വേർതിരിച്ച് കൈമാറുന്നത് ഏറെ സങ്കീർണമായ പ്രകിയയാണെന്നാണ് എസ്.ബി.ഐയുടെ വാദം. സംഭാവന നൽകിയവരുടെ വിവരങ്ങൾ സീൽ ചെയ്ത കവറുകളിൽ അതത് ശാഖകളിലാണ് സൂക്ഷിച്ചിരുന്നതെന്നും ഇത് പിന്നീട് മുംബൈയിലെ പ്രധാന ശാഖയിലേക്ക് മാറ്റിയതായുമാണ് എസ്.ബി.ഐയുടെ വിശദീകരണം. എന്നാൽ, തെരഞ്ഞെടുപ്പിനുമുമ്പ് വിവരങ്ങൾ പുറത്തുവരരുതെന്ന ഉദ്ദേശ്യത്തോടെയാണ് എസ്.ബി.ഐ സമയം നീട്ടിച്ചോദിക്കുന്നതെന്ന് എ.ഡി.ആർ കോടതിയലക്ഷ്യ ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.