കേന്ദ്രത്തിന് തിരിച്ചടി; ഇലക്ടറൽ ബോണ്ട് ഭരണഘടനാവിരുദ്ധം, റദ്ദാക്കണമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് കേസിൽ കേന്ദ്രസർക്കാറിന് കനത്ത തിരിച്ചടിയായി സുപ്രീംകോടതി വിധി. കേന്ദ്രസർക്കാർ കൊണ്ടുവന്ന ഇലക്ട്രറൽ ബോണ്ട് സംവിധാനം ഭരണഘടന വിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചു. ഇത് റദ്ദാക്കണമെന്നും സുപ്രീംകോടതിയുടെ വിധിയിലുണ്ട്.
ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടന ബെഞ്ചാണ് കേസിൽ നിർണായക വിധി പുറപ്പെടുവിച്ചത്. ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ തടയുന്നതാണ് ഇലക്ടറൽ ബോണ്ട് പദ്ധതിയെന്ന് വിധിപ്രസ്താവത്തിൽ സുപ്രീംകോടതി വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പ്രക്രിയയിൽ നിർണായക പങ്കുവഹിക്കുന്ന ഘടകമായ രാഷ്ട്രീയപാർട്ടികൾക്ക് ലഭിക്കുന്ന ഫണ്ടുകളെ കുറിച്ചുള്ള വിവരങ്ങൾ ജനങ്ങളുടെ വോട്ട് സംബന്ധിച്ച തെരഞ്ഞെടുപ്പിനേയും സ്വാധീനിക്കുമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഇലക്ടറൽ ബോണ്ടിലേക്ക് സംഭാവന നൽകുന്നവരുടെ പേര് രഹസ്യമായി വെക്കുന്നത് വിവരാവകാശ നിയമത്തിന്റേയും ഭരണഘടനയുടെ 19(1)എ വകുപ്പിന്റേയും ലംഘനമാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
നയരൂപീകരണത്തിൽ ഉൾപ്പടെ ഇങ്ങനെ രാഷ്ട്രീയപാർട്ടികൾക്ക് സംഭാവന നൽകുന്നവർ ഇടപെടാൻ സാധ്യതയുണ്ട്. കള്ളപ്പണം തടയുന്നതിനുള്ള ഏകപോംവഴി ഇലക്ടറൽ ബോണ്ടല്ലെന്നും ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആർ ഗവായ്, മനോജ് മിശ്ര, ജെ.ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഇലക്ടറൽ ബോണ്ടുകളിലൂടെ സംഭാവന നൽകിയവരുടെ വിവരങ്ങൾ എസ്.ബി.ഐ പ്രസിദ്ധീകരിക്കണം. സംഭാവന സ്വീകരിച്ച രാഷ്ട്രീയപാർട്ടികളുടെ വിവരങ്ങളും നൽകണം. ബോണ്ടുകൾ പണമാക്കി മാറ്റിയ രാഷ്ട്രീയപാർട്ടികളുടെ വിവരങ്ങളും നൽകണം. ഈ വിവരങ്ങൾ എസ്.ബി.ഐ തെരഞ്ഞെടുപ്പ് കമ്മീഷനാണ് നൽകേണ്ടത്. 2024ന് മാർച്ച് 31ന് മുമ്പായി തെരഞ്ഞെടുപ്പ് കമീഷൻ ഈ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
ഇലക്ടറൽ ബോണ്ടുകളുടെ നിയമസാധുത ചോദ്യം ചെയ്തുള്ള ഹരജികളാണ് സുപ്രീംകോടതി പരിഗണിച്ചത്. ബോണ്ടുകൾ ഉപയോഗിച്ച് രാഷ്ട്രീയ പാർട്ടികൾ പണം സ്വീകരിക്കുന്നതിനെതിരെ സി.പി.എം, അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് തുടങ്ങിയവരാണ് കോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.