ഇലക്ടറൽ ബോണ്ട് പദ്ധതി ലോകത്തിലെ ഏറ്റവും വലിയ അഴിമതി -രാഹുൽ ഗാന്ധി
text_fieldsഹൈദരാബാദ്: ഇലക്ടറൽ ബോണ്ട് പദ്ധതി ലോകത്തിലെ ഏറ്റവും വലിയ അഴിമതിയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം ആളുകളെ തെരഞ്ഞെടുപ്പ് കമീഷനിൽ ഉൾപ്പെടുത്തുന്നുവെന്നും തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവെ രാഹുൽ ഗാന്ധി ആരോപിച്ചു.
ഇന്ത്യയിൽ പ്രതിദിനം 30 ഓളം കർഷകർ ആത്മഹത്യ ചെയ്യുന്നുണ്ട്. സമ്പന്നരുടെ 16 ലക്ഷം കോടി രൂപയുടെ വായ്പ മോദി എഴുതിത്തള്ളി. എന്നാൽ കർഷകരുടെ ഒരു രൂപ കടം പോലും എഴുതിത്തള്ളിയില്ലെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. മോദി സർക്കാർ അധികാരമേറ്റ ശേഷം രാജ്യത്ത് കോടിക്കണക്കിന് ആളുകൾ ദരിദ്രരായെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് പ്രകടനപത്രികയിൽ പരാമർശിച്ചിരിക്കുന്ന 'കിസാൻ ന്യായ്' വഴി കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്നും കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ എം.എസ്.പിക്ക് നിയമപരമായ ഗ്യാരണ്ടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്‍റെ പ്രകടനപത്രിക ഇന്ത്യക്കാരുടെ ശബ്ദമാണ് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തെലങ്കാനയിലെ ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ കോൺഗ്രസ് സർക്കാർ പൂർത്തിയാക്കുന്നുണ്ടെന്നും സംസ്ഥാന സർക്കാർ ഇതിനകം 30,000 സർക്കാർ ജോലികൾ നൽകിക്കഴിഞ്ഞു. ഉടൻ തന്നെ 50,000 സർക്കാർ ജോലികൾ കൂടിനൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.