തെരഞ്ഞെടുപ്പ് ഫണ്ട് മുക്കി; തമിഴ്നാട് ബി.ജെ.പിയിൽ കലഹം
text_fieldsചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പ് പ്രവർത്തന ഫണ്ട് മുക്കിയതുമായി ബന്ധപ്പെട്ട് തമിഴ്നാട് ബി.ജെ.പിയിൽ കലഹവും പരാതി പ്രവാഹവും. തമിഴ്നാട്ടിൽ 39 ലോക്സഭ മണ്ഡലങ്ങളിലേക്ക് ഏപ്രിൽ 19നാണ് വോട്ടെടുപ്പ് നടന്നത്. 19 മണ്ഡലങ്ങളിൽ ബി.ജെ.പിയും മറ്റിടങ്ങളിൽ സഖ്യകക്ഷി സ്ഥാനാർഥികളും ജനവിധി തേടി.
ബൂത്ത് കമ്മിറ്റികൾക്കുള്ള ചെലവ് ഉൾപ്പെടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ഓരോ മണ്ഡലത്തിനും 15 കോടി രൂപയാണ് ഫണ്ട് അനുവദിച്ചത്. ഭൂരിഭാഗം മണ്ഡലങ്ങളിലും പണം കൃത്യമായി വിതരണം ചെയ്യാതെ മുഖ്യ ഭാരവാഹികൾ മുക്കിയതായാണ് പരാതി.
തമിഴ്നാട് ബി.ജെ.പിയിൽ സംഘടനാതലത്തിൽ 66 ജില്ല കമ്മിറ്റികളാണുള്ളത്. ഇതിൽ ഏഴ് മുതൽ 11 ജില്ലകൾ വരെ ഉൾപ്പെടുന്ന ഡിവിഷനുകളും രൂപവത്കരിച്ചിരുന്നു. ഡിവിഷൻ, ജില്ല ഭാരവാഹികൾക്കെതിരെയാണ് വ്യാപക പരാതികളുയർന്നത്. ഇതുമായി ബന്ധപ്പെട്ട് പലയിടങ്ങളിലും ഭാരവാഹികൾ തമ്മിൽ ഏറ്റുമുട്ടലുകളും തർക്കങ്ങളും അരങ്ങേറിയിരുന്നു.
തമിഴ്നാട്ടിലെ വോട്ടെടുപ്പിനുശേഷം ബി.ജെ.പി തമിഴ്നാട് അധ്യക്ഷൻ കെ.അണ്ണാമലൈ കർണാടക, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രചാരണത്തിന് പോയിരുന്നു. ഈ നിലയിൽ പരാതികളിന്മേൽ നടപടിയില്ലാത്തതിൽ പ്രവർത്തകർ കടുത്ത അമർഷത്തിലും നിരാശയിലുമായിരുന്നു.
ഈ സാഹചര്യത്തിലാണ് തിങ്കളാഴ്ച ചെന്നൈയിലെ സ്വകാര്യ കല്യാണ മണ്ഡപത്തിൽ സംസ്ഥാനത്തെ മുഖ്യ ഭാരവാഹികളുടെയും പ്രവർത്തകരുടെയും യോഗം വിളിച്ചുകൂട്ടിയത്. സ്ഥാനാർഥികൾ, സംസ്ഥാന, ജില്ല, മണ്ഡലം ഭാരവാഹികൾ, തെരഞ്ഞെടുപ്പ് ചുമതല വഹിച്ചിരുന്ന നേതാക്കൾ തുടങ്ങിയവർ ക്ഷണിക്കപ്പെട്ടിരുന്നു.
ഉച്ചക്കുശേഷം നടന്ന തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ ഭാരവാഹികളും പ്രവർത്തകരും ആരോപണങ്ങളുന്നയിച്ചു. പരാതികളിന്മേൽ നടപടി ഉണ്ടാവുമെന്നും സംഘടനയിൽ അഴിച്ചുപണി ഉണ്ടാവുമെന്നും സംസ്ഥാന, ജില്ല ഭാരവാഹികളുടെ എണ്ണം കുറക്കുമെന്നും അണ്ണാമലൈ ഉറപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.