ഇലക്ട്രോണിക് വോട്ടിങ് മെഷീൻ: ആരോപണത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ
text_fieldsമുംബൈ: ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളിൽ (ഇ.വി.എം) കൃത്രിമം കാണിക്കുന്നത് സംബന്ധിച്ച് തെറ്റായ അവകാശവാദങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ എസ്. ചൊക്കലിംഗം.
അടുത്തിടെ നടന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ഇ.വി.എം ക്രമക്കേടിനെക്കുറിച്ച് മഹാ വികാസ് അഘാഡി നേതാക്കൾ അടക്കം ആരോപണങ്ങൾ ഉന്നയിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. അധികാരികൾ ഈ വിഷയത്തിൽ അന്വേഷണം ഊർജിതമാക്കുന്നതായും ചൊക്കലിംഗം ഞായറാഴ്ച അറിയിച്ചു. വിദേശത്ത് താമസിക്കുന്ന സയ്യിദ് ഷൂജ എന്നയാൾക്കെതിരെ തെരഞ്ഞെടുപ്പ് കമീഷൻ ഇതു സംബന്ധമായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇത്തരം നടപടികൾ ഗുരുതരമായ കുറ്റമാണെന്നും അതിൽ ഉൾപ്പെട്ട ആരെയും ഒഴിവാക്കില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. മഹാരാഷ്ട്ര എൻ.സി.പി (ശരദ് പവാർ വിഭാഗം) തലവൻ ജയന്ത് പാട്ടീൽ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇ.വി.എം ഉപയോഗിക്കുന്നതിനെക്കുറിച്ച് ആശങ്ക ഉന്നയിച്ചിരുന്നു.
വൈകുന്നേരം അഞ്ചിനു ശേഷം വോട്ടിംഗ് ശതമാനം ഉയരുന്നതും അദ്ദേഹം ചോദ്യം ചെയ്തു. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പൊതുജനവിശ്വാസം പുനഃസ്ഥാപിക്കുന്നതിന് ബാലറ്റ് പേപ്പറുകളിലേക്ക് മടങ്ങണമെന്നും ജയന്ത് പാട്ടീൽ ആവശ്യപ്പെട്ടു.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ 288 നിയമസഭാ സീറ്റുകളിൽ 16 സീറ്റുകൾ മാത്രമാണ് കോൺഗ്രസിന് ലഭിച്ചത്. സഖ്യകക്ഷിയായ ശിവസേന (യു.ബി.ടി) 20 സീറ്റുകൾ നേടിയപ്പോൾ എൻ.സി.പി (ശരദ് പവാർ വിഭാഗം) 10 സീറ്റുകൾ മാത്രമാണ് നേടിയത്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം 132 സീറ്റുകൾ നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.