തെലുഗുദേശം പാർട്ടി എൻ.ഡി.എ വിട്ടു
text_fieldsന്യൂഡൽഹി: ആന്ധപ്രദേശിനുള്ള പ്രത്യേക പദവിയുടെ പേരിൽ എൻ.ഡി.എ കേന്ദ്ര സർക്കാറുമായി ഇടഞ്ഞു നിൽക്കുന്ന തെലുഗുദേശം പാർട്ടി എൻ.ഡി.എ വിട്ടു. എൻ.ഡി.എയുമായുള്ള പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഇന്ന് അമരാവതിയിൽ ചേർന്ന പൊളിറ്റ് ബ്യൂറോ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. ടി.ഡി.പിക്ക് ലോക്സഭയിൽ പതിനാറും രാജ്യസഭയിൽ ആറും എം.പിമാരാണുള്ളത്. വീഡിയോ കോൺഫറൻസിലൂടെ ടിഡിപിയുടെ എംപിമാരുമായും ചന്ദ്രബാബു നായിഡു ചർച്ച നടത്തി. പാർലമെന്റിൽ സ്വീകരിക്കേണ്ട നടപടികളെകുറിച്ചും എംപിമാരുമായി മുഖ്യമന്ത്രി ചർച്ച നടത്തിയതായാണ് വിവരം.
പ്രത്യേക പദവി നൽകാത്തത് വഴി ആന്ധ്രപ്രദേശിലെ ജനങ്ങളുടെ വികാരം മാനിച്ചില്ലെന്ന് യോഗത്തിന് ശേഷം പാർട്ടി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഞങ്ങൾ എൻ.ഡി.എക്ക് നൽകിയിരുന്ന പിന്തുണ പിൻവലിക്കുന്നു. അവരുടെ തീരുമാനം മാറാനായി സമയം നൽകിയിരുന്നു. പക്ഷെ ഒന്നും സംഭവിച്ചില്ല എന്നും പാർട്ടി നേതാവ് സി.എം രമേഷ് പറഞ്ഞു.
വൈ.എസ്.ആർ കോൺഗ്രസിന്‍റെ അവിശ്വാസ പ്രമേയത്തിന് പിന്തുണ നൽകുമെന്ന് മാത്രമല്ല, ടി.ഡി.പി സ്വന്തം നിലക്ക് മറ്റൊരു അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്നും വിവരമുണ്ട്. പാർട്ടി പൊളിറ്റ് ബ്യൂറോ ഏകകണ്ഠമായാണ് തീരുമനമെടുത്തതെന്നും രമേഷ് വ്യക്തമാക്കി.
നേരത്തേ ടി.ഡി.പി മന്ത്രിമാർ മോദി സർക്കാരിൽ നിന്ന് രാജിവെച്ചിരുന്നു. എന്നാൽ എൻ.ഡി.എ സഖ്യം വിട്ടിരുന്നില്ല. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നൽകിക്കൊണ്ട് അധിക കേന്ദ്രസഹായം അനുവദിക്കണമെന്ന ആവശ്യവുമായി തുടർച്ചയായി ഒമ്പതു ദിവസം പാർലമെൻറ് സ്തംഭിപ്പിക്കുന്ന ആന്ധ്രപ്രദേശ് കക്ഷികൾ മോദിസർക്കാറിനെതിരെ അവിശ്വാസ പ്രമേയത്തിന് ഒരുങ്ങുന്നത് ബി.ജെ.പി പാളയത്തിൽ വലിയ അമ്പരപ്പ് സൃഷ്ടിച്ചിട്ടുണ്ട്. 2014ലാണു ടിഡിപിയും ബി.ജെ.പിയും സഖ്യത്തിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.