പശ്ചിമ ബംഗാളിൽ ആൾക്കൂട്ട ആക്രമണത്തിൽ ആന ചെരിഞ്ഞു
text_fieldsകൊൽക്കത്ത: ജനക്കൂട്ടത്തിന്റെ ആക്രമണത്തിൽ പിടിയാന ചെരിഞ്ഞു. പശ്ചിമബംഗാളിലെ ജർഗ്രാം ജില്ലയിലാണ് സംഭവം. ആൾക്കൂട്ടം തീപന്തങ്ങളും കമ്പിവടികളും ഉപയോഗിച്ച് ആനയെ ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ അധികൃതർ നടപടി സ്വീകരിച്ചു. നിരവധിപേർ സംഭവത്തിൽ വിമർശനവുമായി എത്തി.
രണ്ട് കുട്ടിയാനകളടക്കം ആറ് ആനകളാണ് കഴിഞ്ഞ ദിവസം ഗ്രാമത്തിലെത്തിയത്. ആനയുടെ ആക്രമണത്തിൽ ഒരു വയോധികൻ മരിക്കുകയും ചെയ്തിരുന്നു. ആനകൾ ഗ്രാമത്തിൽ തമ്പടിച്ചതോടെയാണ് ഗ്രാമവാസികൾ ഇരുമ്പുവടികളും തീപന്തങ്ങളും ഉപയോഗിച്ച് ആനകളെ ഓടിക്കാനെത്തിയത്. 'ഹുള്ള' എന്ന വിഭാഗമാണ് ആനകളെ ഓടിക്കാൻ നേതൃത്വം നൽകിയത്.
ആനകളെ കൃഷിയിടങ്ങളിൽ നിന്ന് ഓടിക്കുന്ന സംഘമാണ് 'ഹുള്ള'. ഈ സംഘത്തിൽപ്പെട്ട ധാരാളം ആളുകൾ പശ്ചിമബംഗാളിൽ ഉണ്ട്. ഇതിനു മുമ്പും ഇവരുടെ ഇടപെടൽ മൂലം ധാരാളം ആനകൾ ചെരിഞ്ഞിട്ടുണ്ട്. തുടർന്ന് 2018ൽ ആനകളെ വിരട്ടിയോടിക്കുന്ന നടപടി സുപ്രീംകോടതി നിരോധിച്ചിരുന്നു.
ആക്രമത്തിന് ഇരയായ പിടിയാനയുടെ നട്ടെല്ലിന് പരിക്കേറ്റതായി മൃഗസംരക്ഷകർ അറിയിച്ചു. അപകടത്തിന് ശേഷം എട്ട് മണിക്കൂറിലധികം വൈകിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി പിടിയാനയ്ക്ക് ചികിത്സ നൽകിയതെന്നാണ് റിപ്പോർട്ട്. ചികിത്സ നൽകി മണിക്കൂറുകൾക്കകം ആന ചെരിയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.