മൂന്നുപേരെ കൊന്ന കാട്ടുകൊമ്പൻ ഒമ്പതു ദിവസത്തെ ശ്രമത്തിനൊടുവിൽ പിടിയിൽ
text_fieldsഗൂഡല്ലൂർ: നീലഗിരി- വയനാട് അതിർത്തി മേഖലയിൽ ഭീതി പരത്തിയ കാട്ടുകൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി മുതുമല തെപ്പക്കാട് ആനപ്പന്തിയിലെത്തിച്ചു. വെള്ളിയാഴ്ച രണ്ടരയോടെയാണ് മഴവൻ ചേരമ്പാടി ടാൻ ടീ പത്തു ലൈൻ പാടിക്ക് സമീപത്തെ കുറ്റിക്കാട്ടിൽനിന്ന് ആനക്കൂട്ടത്തോടൊപ്പം നിന്ന കൊമ്പനെ പിടികൂടിയത്. കൂടെയുണ്ടായിരുന്നവയെ വിജയ്, സുജയ് എന്നീ കുങ്കിയാനകൾ വിരട്ടിയോടിച്ചു. തുടർന്ന് രണ്ടു ഡോസ് മയക്കുവെടി വെച്ചതോടെയാണ് ആന മയങ്ങിനിന്നത്.
ഉടനെ കൊമ്പെൻറ കാലിൽ കയർ കെട്ടി കുങ്കിയാനകൾ വളഞ്ഞ് വാഹനത്തിൽ കയറ്റാൻ ഒരുക്കം നടത്തി. കൊമ്പനെ തളച്ച ഭാഗത്തേക്ക് മണ്ണുമാന്തി യന്ത്രത്തിെൻറ സഹായത്തോടെ റോഡ് വെട്ടിയ ശേഷമാണ് ആറു മണിക്ക് ലോറിയിൽ കയറ്റിയത്. നേരമിരുട്ടുന്നത് വരെ കാത്തിരുന്ന ശേഷമാണ് മുതുമലയിലേക്ക് കൊണ്ടുപോയത്. കൊമ്പൻ പിടിയിലായ വിവരം പരന്നതോടെ സംഭവ സ്ഥലത്തേക്ക് ജനമൊഴുകി.
മേഖലയിൽ മൂന്നുപേരെ കൊന്ന കാട്ടുകൊമ്പനെ ഒമ്പതു ദിവസത്തെ ശ്രമത്തിനൊടുവിലാണ് പിടികൂടാൻ കഴിഞ്ഞത്. ഊണും ഉറക്കവുമില്ലാതെയാണ് ഡോ. അശോകൻ, വിജയരാഘവൻ, രാജേഷ് എന്നീ മൂന്ന് ഡോക്ടർമാരുടെ പ്രത്യേക സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തത്.
ഡിസംബർ 11നാണ് കണ്ണംപള്ളിയിൽ രാത്രി വയോധികനായ നാഗമുത്തുവിനെ കൊലപ്പെടുത്തിയത്. ഒരു ദിവസത്തെ ഇടവേളക്ക് ശേഷം ആനന്ദ രാജ, മകൻ പ്രശാന്ത് എന്നിവരെ പത്തുലൈൻ പാടിക്ക് സമീപം കൊലപ്പെടുത്തി. ഇതോടെ പ്രതിഷേധം ശക്തമായി. മൃതദേഹവുമായി ജനം റോഡ് ഉപരോധിച്ചു. ദ്രാവിഡമണി എം.എൽ.എയുടെ നേതൃത്വത്തിൽ നിരാഹാരവും പ്രതിഷേധങ്ങളും തുടർന്നതോടെയാണ് ആനയെ പിടികൂടാൻ നടപടിയുണ്ടായത്.
ഒരു മാസം മുമ്പ് ചപ്പിൻതോടു വെച്ച് മയക്കുവെടിയേറ്റെങ്കിലും ആന നിലമ്പൂർ മുണ്ടേരി ഭാഗത്തേക്ക് പോയതോടെ തൽക്കാലം തിരച്ചിൽ നിർത്തി. വീണ്ടും പ്രതിഷേധം ഉയർന്നതോടെയാണ് പത്തു ദിവസം മുമ്പ് കൊമ്പനെ കണ്ടെത്താൻ ശ്രമം തുടങ്ങിയത്. ബുധനാഴ്ച മയക്കുെവടിവെച്ചെങ്കിലും രക്ഷപ്പെടുകയായിരുന്നു. ആനയെ കണ്ടെത്തുന്നതിന് തോട്ടം തൊഴിലാളികളും സഹകരിച്ചു. ഗൂഡല്ലൂർ ഡി.എഫ്.ഒ എ.സി.എഫ്. വിജയൻ, ദേവാല ഡിവൈ.എസ്.പി അൻവറുദ്ദീൻ എന്നിവർ സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.