കുട്ടിയാന കുഴിയിൽ വീണു; ഹൈവേ 'ഉപരോധിച്ച്' ആനകളുടെ പ്രതിഷേധം
text_fieldsസഹജീവികളോട് അപാരമായ കാരുണ്യവും സ്നേഹവുമുള്ള ജീവികളാണ് ആനകൾ. ചത്തീസ്ഗഡിലെ കോർബ ജില്ലയിൽ നടന്ന സംഭവം ആനകളുടെ പരസ്പര ഐക്യത്തിന്റെ നേർക്കാഴ്ച്ചയായി. 21 ആനകൾ കോർബയിൽ മൂന്ന് മണിക്കൂറോളം ദേശീയപാതയിൽ തടസമുണ്ടാക്കിയത് ഒപ്പമുള്ള ആനക്കുട്ടിയെ രക്ഷിക്കാനായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് കോർബ ജില്ലയിലെ കത്ഘോര വനത്തിന് സമീപമുള്ള ഹൈവേയിലൂടെ ആനക്കൂട്ടം കടന്നുപോകുമ്പോഴാണ് അപകടം നടന്നത്. റോഡരികിലെ വെള്ളം നിറഞ്ഞ കുഴിയിൽ ആനക്കുട്ടി വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ആനക്കൂട്ടം കുട്ടിയാനയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ ആനക്കൂട്ടം റോഡിൽ തന്നെ നിലയുറപ്പിച്ചതിനെത്തുടർന്ന് ദേശീയപാതയിൽ മൂന്നുമണിക്കൂറോളം ഗതാഗതക്കുരുക്കുണ്ടായി.
തുടർന്ന് വാഹന ഡ്രൈവർമാരും മറ്റ് വഴിയാത്രക്കാരും പൊലീസിനെ വിവരം അറിയിച്ചു. ഗതാഗതക്കുരുക്കിനെക്കുറിച്ച് കോർബ ജില്ലാ ഭരണകൂടത്തിന് വിവരം ലഭിച്ചയുടൻ വനം വകുപ്പിന്റെയും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരുടെയും സംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചു. ഇവർ തോട്ടിൽ വീണ ആനക്കുട്ടിയെ രക്ഷിക്കാനുള്ള നടപടികൾ സ്വീകരിച്ചു. വനപാലകർ ആനയുടെ കഴുത്തിൽ കയർ കെട്ടി എസ്‌കവേറ്റർ ഉപയോഗിച്ച് പുറത്തെടുക്കുകയായിരുന്നു.
രക്ഷാപ്രവർത്തനത്തിനിടെ കുട്ടിആനയുടെ അമ്മയും മറ്റ് ആനക്കൂട്ടവും ശാന്തരായി നിന്നു. ആനക്കുട്ടിയെ കിടങ്ങിൽ നിന്ന് പുറത്തെടുത്തതോടെ മറ്റ് ആനകൾ വലയം ചെയ്ത് സന്തോഷം പ്രകടിപ്പിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ അവൻ സമാധാനമായി സ്ഥലംവിടുകയും ചെയ്തു. ഹൈവേയിൽ കുടുങ്ങിക്കിടക്കുന്ന ഡ്രൈവർമാരും വഴിയാത്രക്കാരുമവണ് ഈ കൗതുകകരമായ കാഴ്ച്ചകൾ പകർത്തിയത്. ഈ വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി.
കോർബ ഫോറസ്റ്റ് റേഞ്ച് ഓഫീസർമാരായ മനീഷ് സിങ്, അഭിഷേക് ദുബെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. കത്ഘോര ഡി.എഫ്.ഒ പ്രേംലത യാദവും 25 വനപാലക സംഘവും സ്ഥലത്തെത്തിയിരുന്നു. ആളുകളേയും വലിയ യന്ത്രങ്ങളെയും കണ്ട് ആദ്യം ആനക്കൂട്ടം അസ്വസ്ഥരായെന്ന് വനപാലകർ പറഞ്ഞു. എന്നാൽ ഇവർ രക്ഷകരാണെന്ന് മനസിലായതോടെ ആനകൾ സഹകരിക്കാൻ തുടങ്ങി. കുഴിയിൽ വീണ കുട്ടിയെ രക്ഷിക്കുക എളുപ്പമായിരുന്നില്ല. കിടങ്ങിനു സമീപം കുഴിയെടുത്തിട്ടും പുറത്തിറങ്ങാനാകാത്തതിനാൽ എസ്‌കവേറ്ററിന്റെ സഹായത്തോടെ ആനയെ പുറത്തെടുക്കുകയായിരുന്നെന്നും ഡി.എഫ്.ഒ പ്രേംലത യാദവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.