ഭീമ കൊറേഗാവ് കേസ്; ആക്ടിവിസ്റ്റ് മഹേഷ് റാവത്തിന് ജാമ്യം
text_fieldsന്യൂഡൽഹി: ഭീമ കൊറേഗാവ് കേസിൽ വിചാരണത്തടവിൽ കഴിയുന്ന ആക്ടിവിസ്റ്റ് മഹേഷ് റാവത്തിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. കുടുംബത്തിലെ ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് രണ്ടാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്.
ജൂൺ 26 മുതൽ ഇടക്കാല ജാമ്യം ആരംഭിക്കും. മഹേഷ് റാവത്ത് ജൂലൈ 10ന് കീഴടങ്ങണമെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, എസ്. വി. എൻ. ഭാട്ടി എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് ഉത്തരവിട്ടു. ജൂൺ 29-30, ജൂലായ് 5-6 തീയതികളിൽ നടക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കാൻ ഇടക്കാല ജാമ്യം ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് ബെഞ്ചിന്‍റെ ഉത്തരവ്.
കേസിന്‍റെ വസ്‌തുതകളും സാഹചര്യങ്ങളും ഇതിനകം അനുഭവിച്ച ജയിൽവാസ കാലയളവും ആവശ്യത്തിനായി സമർപ്പിച്ച അപേക്ഷയുടെ സ്വഭാവവും കണക്കിലെടുത്ത്, അപേക്ഷകന് രണ്ടാഴ്ചത്തെ ഇടക്കാല ജാമ്യം നൽകുന്നതായി ബെഞ്ച് പറഞ്ഞു.
റിലീസിനുള്ള നിബന്ധനകളും വ്യവസ്ഥകളും പ്രത്യേക കോടതി നിർണയിക്കുമെന്നും ആവശ്യമായേക്കാവുന്ന കർശനമായ വ്യവസ്ഥകൾ ചുമത്താൻ വിചാരണ കോടതിയോട് അഭ്യർഥിക്കാൻ ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.ഐ.എ) സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി.
റാവുത്തിന് കഴിഞ്ഞ വർഷം സെപ്റ്റംബർ 21-ന് ജാമ്യം അനുവദിച്ച ഹൈകോടതിയുടെ ഉത്തരവ് എൻ.ഐ.എ നേരത്തെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്തിരുന്നു.
2018 ജൂണിലാണ് മഹേഷ് റാവത്തിനെ അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റ് പ്രത്യയശാസ്ത്രം പ്രചരിപ്പിച്ചു, നിയമവിരുദ്ധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിച്ചു എന്നിവയാണ് അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങൾ. നിരോധിത സംഘടനകൾക്ക് ഫണ്ട് നൽകിയതായും ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.