എൽഗാർ പരിഷദ് കേസ്; എഴുത്തുകാരൻ വരാവര റാവുവിനെ ആശുപത്രിയിലേക്ക് മാറ്റാൻ താക്കറെക്ക് കത്തെഴുതി എം.പിമാർ
text_fieldsമുംബൈ: എൽഗാർ പരിഷദ് കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ചിന്തകനും എഴുത്തുകാരനുമായ പി. വരാവര റാവുവിനെ എത്രയും പെട്ടന്ന് ആശുപത്രയിലേക്ക് മാറ്റണമെന്ന് 14 എം.പിമാർ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയോട് ആവശ്യപ്പെട്ടു. എം.പിമാർ സംയുക്തമായി എഴുതിയ കത്തിലാണ് 81കാരനായ വരാവര റാവുവിെൻറ ആരോഗ്യ സ്ഥിതിയും നിലവിലെ കോവിഡ് വൈറസ് സാഹചര്യവും കണക്കിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്.
ജയിലിനകത്ത് നിലവിൽ ലഭിക്കുന്ന ചികിത്സ അംഗീകരിക്കാനാവില്ല. പൂർണ്ണമായും രോഗം ഭേദമാകുന്നത് വരെ പുറത്ത് ഏതെങ്കിലും ആശുപത്രിയിൽ ചികിത്സിക്കാനും അവർ ആവശ്യപ്പെട്ടു. മെയ് 29ന് വരാവര റാവുവിനെ മുംബൈയിലെ ജെ.ജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടക്കത്തിൽ തലോജ ജയിലിൽ തന്നെ ചികിത്സ നടത്തിയിട്ടും കാര്യമായ പുരോഗതിയില്ലാത്തതിനാലായിരുന്നു മുംബൈയിലേക്ക് മാറ്റിയത്. എന്നാൽ മൂന്ന് ദിവസം കൊണ്ട് അവിടെ നിന്ന് ഡിസ്ചാർജ് ചെയ്യുകയായിരുന്നു.
മഹാരാഷ്ട്രയിലാകമാനമുള്ള ജയിലുകളിൽ കോവിഡ് 19 വൈറസ് വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ചിലയിടങ്ങളിൽ മരണവും റിപ്പോർട്ട് ചെയ്തിരുന്നു. അതിെൻറ പശ്ചാത്തലത്തിൽ എഴുത്തുകാരനായ വരാവര റാവുവിെൻറ ആരോഗ്യസ്ഥിതിയിൽ ഏറെ ആശങ്കയുണ്ടെന്നും എം.പിമാർ പറഞ്ഞു. ‘ റാവു ജയിലിൽ വെച്ച് പലതവണ ചർദ്ദിച്ചിരുന്നതായി അദ്ദേഹത്തിെൻറ കുടുംബം പറയുന്നുണ്ട്. അദ്ദേഹം കുടുംബാംഗങ്ങളെ വിളിച്ചപ്പോൾ ശബ്ദം തീർത്തും ദുർബലമായിരുന്നുവെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു. മുംബൈയിലെ ആശുപത്രിയിൽ നിന്നുമുള്ള മെഡിക്കൽ റിപ്പോർട്ടിൽ വരാവര റാവു ആദ്യമേ ഹൃദ്രോഗിയായിരുന്നുവെന്ന് പറയുന്നുണ്ടെന്നും എം.പിമാർ ചൂണ്ടിക്കാട്ടി.
ലോക്സഭാ എം.പി കനിമൊഴി കരുണാനിധി, കെ.കെ രാഗേഷ്, എം. സെൽവരാജ്, കെ. സുബ്ബരായൻ, ഡോ. കെ. രവികുമാർ, എസ്. വെങ്കടേഷൻ, പി.ആർ നടരാജൻ, പ്രൊ. ഡോ. മനോജ് ഝാ, ഡോ. സുമതി തമിഴച്ചി, തിരുച്ചി സിവ എന്നിവരാണ് കത്തെഴുതിയത്.
2017 ഡിസംബര്‍ 31ന് മഹാരാഷ്ട്രയിലെ ഭീമ-കൊറെഗാവ് (Bhima-Koregaon) എന്ന ഗ്രാമത്തില്‍ നടന്ന ജാതി സംഘര്‍ഷത്തിന്‍റെ പേരിലായിരുന്നു വരാവര റാവുവിനെ അടക്കം അഞ്ചുപേരെ അറസ്റ്റ് ചെയ്യുന്നത്. സുധ ഭരദ്വാജ് (തൊഴിലാളി യൂണിയന്‍ നേതാവ്) , ഗൗതം നവ്‍ലഖ(പൗരാവകാശ പ്രവര്‍ത്തകന്‍), അരുണ്‍ ഫെരെയ്‍ര (അവകാശ പ്രവര്‍ത്തകന്‍) , വെര്‍ണന്‍ ഗോണ്‍സാല്‍വെസ് (അവകാശ പ്രവര്‍ത്തകന്‍) എന്നിവരാണ് അറസ്റ്റിലായ മറ്റ് നാലുപേർ. എല്ലാവരും പൗരാവകാശ പ്രവര്‍ത്തകരും നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ വിമര്‍ശകരുമാണ്. മാവോവാദികളുമായി ബന്ധമുള്ളവരാണ് അറസ്റ്റിലായ അഞ്ച് പേരുമെന്നാണ് പൂനെ പോലീസ് അവകാശപ്പെടുന്നത്. കേന്ദ്ര സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇവര്‍ നടത്തിയതെന്നും പൂനെ പോലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.