ഭീമ കൊറേഗാവ് കേസ്: ഗൗതം നവ്ലാഖക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി
text_fieldsന്യൂഡൽഹി: ഭീമ കൊറേഗാവ് കേസിൽ വിചാരണ നേരിടുന്ന സാമൂഹിക പ്രവർത്തകൻ ഗൗതം നവ്ലാഖക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ജസ്റ്റിസ് എം.എം സുന്ദ്രേഷ്, എസ്‍.വി.എം ഭാട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ബോംബെ ഹൈകോടതി നൽകിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിന് (യു.എ.പി.എ) കീഴിലുള്ള ഏതെങ്കിലും തീവ്രവാദ പ്രവർത്തനവുമായി നവ്‌ലാഖയെ ബന്ധിപ്പിക്കുന്നതിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് നിരീക്ഷിച്ച് 2023 ഡിസംബർ 19നാണ് ബോംബെ ഹൈകോടതി ജാമ്യം അനുവദിച്ചിരുന്നത്. ഹൈകോടതിയുടെ ഈ നടപടി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച സുപ്രീം കോടതി വിചാരണ നടപടികൾ പൂർത്തിയാകാൻ വർഷങ്ങളെടുക്കുമെന്നും ചൂണ്ടിക്കാട്ടി.
2017 ഡിസംബർ 31ന് സംഘടിപ്പിച്ച ‘എൽഗാർ പരിഷത്ത്’ ദലിത് സംഗമം ആണ് ഭീമ–കൊറേഗാവ് കലാപത്തിനിടയാക്കിയതെന്നാണ് എൻ.ഐ.എ ആരോപണം. 2018 ആഗസ്റ്റിലാണ് നവ്‍ലാഖ ആദ്യം അറസ്റ്റിലാകുന്നത്. മലയാളികളായ റോണ വിൽസൻ, ഹാനി ബാബു തുടങ്ങിയവരുൾപ്പെടെ 16 മനുഷ്യാവകാശപ്രവർത്തകരെയാണ് കേസിൽ അറസ്റ്റ് ചെയ്തിരുന്നത്. ഇവരിൽ ജസ്യൂട്ട് വൈദികൻ ഫാ. സ്റ്റാൻ സ്വാമി ജയിൽവാസത്തിനിടെ മരിച്ചു.
കേസിൽ നാല് വർഷം വിചാരണത്തടവിൽ കഴിഞ്ഞ ഗൗതം നവ്‌ലാഖയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് വീട്ടുതടങ്കലിലേക്ക് മാറ്റാൻ 2022 നവംബറിൽ സുപ്രീംകോടതി അനുമതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.