പാർലമെന്റിൽ പ്രതിപക്ഷ ശബ്ദം ഇല്ലാതാക്കുന്നു -അധീർ രഞ്ജൻ ചൗധരി
text_fieldsഅധീർ രഞ്ജൻ ചൗധരി
ന്യൂഡൽഹി: പാർലമെന്റിൽ പ്രതിപക്ഷ ശബ്ദം ഇല്ലാതാക്കാനുള്ള ബോധപൂർവമായ നടപടികളാണ് ഭരണപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് ലോക്സഭയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട കോൺഗ്രസ് സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി.പാർലമെന്റ് അനുഭവത്തിൽ ഇതുവരെ നേരിടേണ്ടിവന്നിട്ടില്ലാത്ത പുതിയ പ്രതിഭാസമാണ് രൂപപ്പെട്ടിരിക്കുന്നത്.
പാർലമെന്ററി ജനാധിപത്യത്തിന്റെ ആത്മാവിനെ ഇല്ലാതാക്കുകയാണ് ചെയ്യുന്നതെന്നും ശനിയാഴ്ച എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം കുറ്റപ്പെടുത്തി. സഭയിലെ തന്റെ പരാമര്‍ശം ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല. വാദങ്ങള്‍ വ്യക്തമായി അവതരിപ്പിക്കാനാണ് ശ്രമിച്ചത്. ആവശ്യമെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മണിപ്പൂർ വിഷയത്തിൽ ലോക്സഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയ ചര്‍ച്ചക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സാമ്പത്തിക തട്ടിപ്പിൽ രാജ്യംവിട്ട നീരവ് മോദിയോടും ധൃതരാഷ്ട്രരോടും താരതമ്യം ചെയ്ത് നടത്തിയ പ്രസ്താവനയാണ് നടപടിക്ക് കാരണമായത്. അവിശ്വാസപ്രമേയത്തിൽ വോട്ടെടുപ്പ് കഴിഞ്ഞതിനു പിന്നാലെ അധീർ രഞ്ജൻ ചൗധരിക്കെതിരെ നടപടി ആവശ്യപ്പെട്ട് പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അവതരിപ്പിച്ച പ്രമേയം ലോക്സഭ പാസാക്കിയതോടെയാണ് സസ്പെൻഷൻ. വിഷയത്തില്‍ പ്രിവിലേജസ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ സസ്പെന്ഷന് തുടരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.