എൽഫിസ്റ്റൺ ദുരന്തം: റെയിൽവേ പാലം സൈന്യം നിർമിക്കുന്നതിന് വിമർശനം
text_fieldsമുംബൈ: 23 പേരുടെ മരണത്തിനിടയാക്കിയ മുംബൈ എൽഫിസ്റ്റൺ റെയിൽവേ സ്റ്റേഷനിലെ നടപാലം സൈന്യം പുനർനിർമിക്കുമെന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്‍റെ പ്രഖ്യാപനത്തിന് പ്രതിപക്ഷത്തിന്‍റെ രൂക്ഷ വിമർശനം. സൈന്യം സിവിൽ ജോലികൾക്കുള്ളതല്ലെന്നും അവസാന മാർഗം എന്ന നിലയിലാണ് സേനയെ ഉപയോഗിക്കേണ്ടതെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് ട്വീറ്റ് ചെയ്തു.
സൈന്യത്തെ ആദ്യം വിളിക്കുന്ന ഉപാധിയായി കാണരുതെന്നാണ് മുൻ കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല ട്വീറ്റിലൂടെ പ്രതികരിച്ചത്. പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ അടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് ഫട്നാവിസ് തകർന്ന പാലം സൈന്യം നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചത്.
ജനുവരി 31നകം പാലം നിർമിക്കുമെന്നും ഒരു പക്ഷെ ഇത്തരത്തിൽ നിർമാണാവശ്യവുമായി ബന്ധപ്പെട്ട് സൈന്യത്തിനെ വിളിക്കുന്നത് ആദ്യമാകാമെന്നും സംഭവസ്ഥലം സന്ദർശിച്ച നിർമ്മല സീതാരാമൻ പറഞ്ഞു. അതിർത്തിയിലെ ആവശ്യങ്ങൾക്കിടയിലും പ്രശ്നത്തിന്‍റെ ഗൗരവം മുൻ നിർത്തിയാണ് സൈന്യത്തിനെ വിളിക്കുന്നതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
നാലു െട്രയിനുകൾ ഒരേസമയം കടന്നു പോവുന്ന റെയിൽവേ സ്റ്റേഷനാണ് എൽഫിൻസ്റ്റൺ. അതുകൊണ്ട് തന്നെ യാത്രക്കാരുടെ ബാഹുല്യം ഇവിടെ കൂടുതലായിരിക്കും. മഴമൂലം ചെറിയ പാലത്തിൽ ജനങ്ങൾ തിക്കിതിരക്കിയതാണ് അപകടത്തിന് കാരണമായത്. ഭയന്നുപോയ ആളുകൾ പുറത്തേക്ക് ഇറങ്ങാൻ ശ്രമിച്ചതും അപകടത്തിന്‍റെ തോത് വർധിപ്പിച്ചു.
അതേസമയം, സെപ്റ്റംബർ 29ന് നടന്ന ദുരന്തം ഒൗദ്യോഗിക പാളിച്ചയല്ലെന്നും മഴമൂലം ജനങ്ങൾ ഒാടിക്കയറിയതാണ് അപകട കാരണമെന്നുമായിരുന്നു റെയിൽവേ സുരക്ഷാ കമ്മിറ്റി ചൂണ്ടിക്കാട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.