'അർണബ് ഗോസ്വാമി വ്യാജപ്രചരണം നടത്തുന്നു'; വിമർശനവുമായി എൽവിഷ് യാദവ്
text_fieldsന്യൂഡൽഹി: റിപ്പബ്ലിക് ടി.വി എഡിറ്റർ അർണബ് ഗോസ്വാമിക്കെതിരെ വിമർശനവുമായി യുട്യൂബറും ബിഗ് ബോസ് ജേതാവുമായ എൽവിഷ് യാദവ്. നിശാപാർട്ടിയിൽ പാമ്പിൻ വിഷം വിതരണം ചെയ്തുവെന്ന് തനിക്കെതിരെ ആരോപിക്കപ്പെട്ട കേസിൽ അർണബ് വ്യാജപ്രചരണം നടത്തുകയാണെന്നായിരുന്നു എൽവിഷിന്‍റെ പരാമർശം. വ്ലോഗിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. വിഷയം ചർച്ചക്ക് വെക്കുന്നതിന് മുമ്പ് അർണബ് എഫ്.ഐ.ആർ പോലും വായിച്ചിട്ടില്ലെന്നും കൃത്യമായ ഹോംവർക്ക് നടത്തിയിട്ടില്ലെന്നും എൽവിഷ് പറഞ്ഞു.
മാധ്യമപ്രവർത്തകർ വിചാരണ ചെയ്യുകയാണ്. വിഷയത്തെ കുറിച്ച് അവർ മനസിൽ വരുന്നതെല്ലാം വിളിച്ചുപറയുകയാണ് ഇവർ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി എം.പിയും മൃഗസംരക്ഷണ പ്രവർത്തകയുമായ മനേക ഗാന്ധിക്കെതിരെ എൽവിഷ് മാനനഷ്ടത്തിന് കേസെടുത്തിട്ടുണ്ട്. എം.പിയുടെ പരാമർശങ്ങൾ തന്‍റെ പ്രതിച്ഛായക്ക് കോട്ടം വരുത്തിയെന്നും എൽവിഷ് പറഞ്ഞു.
തനിക്കെതിരെ വന്ന ആരോപണങ്ങൾ മുൻനിർത്തി തന്നെ വിലയിരുത്തരുതെന്നും എൽവിഷ് യാദവ് കാണികളോട് പറഞ്ഞു. പൊലീസ് അന്വേഷണം പൂർത്തിയാകുന്നത് വരെ ജനങ്ങൾ കാത്തിരിക്കണം. തന്നെ വിവാദത്തിലേക്ക് വലിച്ചിഴക്കപ്പെട്ട നിശാപാർട്ടികളുമായി യാതൊരു ബന്ധവുമില്ലെന്നും യാദവ് പറഞ്ഞു. നേരത്തെ പാമ്പിൻ വിഷവുമായി ലഹരി പാർട്ടി നടത്തിയെന്ന വാദങ്ങൾ തള്ളി എൽവിഷ് രംഗത്തെത്തിയിരുന്നു. പൊലീസ് ഉന്നയിച്ച വാദങ്ങളിൽ ഒരു ശതമാനം പോലും വസ്തുതയില്ലെന്നും തനിക്കെതിരെ ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്വേഷണത്തിന് പൊലീസുമായി സഹകരിക്കാൻ തയ്യാറാണെന്നും കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ മാപ്പ് പറയാൻ തയ്യാറാണെന്നും എൽവിഷ് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.