വ്യവസായിയുടെ സ്വകാര്യദൃശ്യങ്ങൾ പകർത്തി ജീവനക്കാരുടെ ബ്ലാക്ക്മെയിൽ; ആവശ്യപ്പെട്ടത് 25 ലക്ഷം, മൂന്നുപേർ അറസ്റ്റിൽ
text_fieldsലഖ്നൗ: ഒളികാമറ വെച്ച് വ്യവസായിയെ ബ്ലാക്മെയിൽ ചെയ്തതിന് ഉത്തർപ്രദേശിലെ ഗാസിയാബാദിൽ മൂന്നുപേർ അറസ്റ്റിൽ. വിവാഹേതര ബന്ധത്തിെൻറ വീഡിയോകൾ പകർത്തി അവ ഉപയോഗിച്ച് വ്യവസായിയെ ബ്ലാക്ക്മെയിൽ ചെയ്യുകയും ദൃശ്യങ്ങൾ പരസ്യപ്പെടുത്താതിരിക്കാൻ 25 ലക്ഷം രൂപ ആവശ്യപ്പെടുകയുമായിരുന്നു. ഫാക്ടറി ഉടമയായ പരാതിക്കാരെൻറ കീഴിൽ ജോലി ചെയ്യുന്നവർ തന്നെയാണ് അദ്ദേഹത്തിെൻറ ഒാഫീസിനുള്ളിൽ ഒളികാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തിയത്. ജീവനക്കാരായ അപർണ ത്യാഗി, അങ്കിത്, അരുൺ ഘോഷ് എന്നിവരാണ് പിടിയിലായത്.
ഗാസിയാബാദിലെ ഹിൻഡോൺ വിഹാർ പ്രദേശത്തുള്ള വ്യവസായിയുടെ ഒാഫീസ് ക്യാബിന് സമീപം കാമറ സ്ഥാപിച്ച പ്രതികൾ യുവതിക്കൊപ്പമുള്ള അയാളുടെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. പ്രതികളിലൊരാൾ വ്യവസായിയോട് 25 ലക്ഷം രൂപ ആവശ്യപ്പെട്ടതോടെയാണ് സംഭവം പുറത്താവുന്നത്. ഒടുവിൽ 10 ലക്ഷം രൂപ തവണകളായി നൽകാമെന്ന് സമ്മതിച്ച വ്യവസായി തൊട്ടുപിന്നാലെ പൊലീസിൽ പരാതി നൽകി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പിന്നീട് മൂന്നുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഒരു ടിവി ഷോയിൽ നിന്ന് പ്രചോദനമുൾകൊണ്ടാണ് ബ്ലാക്ക്മെയിൽ പദ്ധതി ആസൂത്രണം ചെയ്തതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. ഫാക്ടറി ഉടമയെ ഭയപ്പെടുത്താനായി പത്രത്തിൽ വായിച്ച ഒരു ഗാങ്സ്റ്ററുടെ പേരും പ്രതികൾ ഉപയോഗിച്ചിരുന്നു. കഴിഞ്ഞ കുറച്ചുമാസങ്ങളായി ശമ്പളം കൃത്യമായി ലഭിക്കാതെ വന്നതോടെയാണ് ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്തതെന്നും ജീവനക്കാർ ചോദ്യം ചെയ്യലിനിടെ വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.