ഇ.പി.എഫ്.ഒ സേവനങ്ങൾ മുഖം പരിശോധിച്ചുറപ്പിക്കൽ വഴിയും
text_fieldsന്യൂഡൽഹി: കോടിക്കണക്കിന് വ്യവസായ തൊഴിലാളികൾ വരിക്കാരായ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ (ഇ.പി.എഫ്.ഒ) വിവിധ സേവനങ്ങൾക്ക് മുഖം പരിശോധിച്ചുറപ്പിക്കുന്ന (ഫേസ് ഓതന്റിഫിക്കേഷൻ) സൗകര്യം ലഭ്യമാക്കുമെന്ന് കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ. യൂനിവേഴ്സൽ അക്കൗണ്ട് നമ്പർ (യു.എ.എൻ) ലഭിക്കാനും ഈ സംവിധാനം ഉപയോഗിക്കാം.
ഓഫിസിൽ ബന്ധപ്പെടാതെ പൂർണ സുരക്ഷിതമായി ഡിജിറ്റൽ സേവനം നൽകാനുള്ള സുപ്രധാന ചുവടുവെപ്പാണിതെന്ന് മാണ്ഡവ്യ പറഞ്ഞു. ഉമാങ് മൊബൈൽ ആപ് ഉപയോഗിച്ച് ആധാർ ഫേസ് ഓതന്റിക്കേഷൻ വഴി ജീവനക്കാരന് നേരിട്ട് യു.എ.എൻ സൃഷ്ടിക്കാം. പുതിയ യു.എ.എൻ അനുവദിച്ച ശേഷം എസ്.എം.എസ് ലഭിക്കും. തുടർന്ന് ഉമാങ് ആപ്പിൽനിന്നോ ഇ.പി.എഫ്.ഒ പോർട്ടലിൽനിന്നോ യു.എ.എൻ കാർഡ് ഡൗൺലോഡ് ചെയ്യാം. തൊഴിലുടമയ്ക്കും ഉമാങ് ആപ് ഉപയോഗിക്കാം. യു.എ.എൻ അനുവദിച്ചിട്ടും ഇതുവരെ ആക്ടിവാക്കാത്തവർക്ക് ആപ് വഴി ആക്ടിവേഷൻ പ്രക്രിയ പൂർത്തിയാക്കാം. മറ്റാവശ്യങ്ങൾക്കും മുഖം പരിശോധിച്ചുറപ്പിക്കുന്ന സംവിധാനം ഉപയോഗപ്പെടുത്താം. ഇനി മുതൽ പല സേവനങ്ങൾക്കും തൊഴിലുടമയുടെയോ റീജനൽ ഓഫിസിന്റെയോ ഇടപെടൽ ആവശ്യമില്ലാതാക്കും.
പെൻഷൻകാർക്ക് വീട്ടുവാതിൽക്കൽ സേവനങ്ങൾ നൽകുന്നതിന് വളന്റിയർമാരുമായി സഹകരിച്ച് മുഖംപരിശോധിച്ചുറപ്പിക്കൽ വഴി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് നൽകുന്നത് പ്രോത്സാഹിപ്പിക്കും. 2024-25 സാമ്പത്തിക വർഷത്തിൽ 1.26 കോടി യൂനിവേഴ്സൽ അക്കൗണ്ട് നമ്പറുകളാണ് ഇ.പി.എഫ്.ഒ അനുവദിച്ചത്. ഇതിൽ 44 ലക്ഷമേ ആക്ടിവാക്കിയിട്ടുള്ളൂ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.