‘ജോലി സമ്മർദം നേരിട്ട ആരെയും പിരിച്ചുവിട്ടിട്ടില്ല’; വിവാദ മെയിലിൽ വിശദീകരണവുമായി ‘യെസ് മാഡം’
text_fieldsന്യൂഡൽഹി: ഇന്റേണൽ സർവേയിൽ തൊഴിൽ സമ്മർദം നേരിടുന്നുണ്ടോ എന്ന ചോദ്യത്തിന് ‘ഉണ്ട്’ എന്ന് മറുപടി നൽകിയവരെ പിരിച്ചുവിട്ടെന്ന റിപ്പോർട്ടിൽ പ്രതികരണവുമായി നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘യെസ് മാഡം’ രംഗത്ത്. തങ്ങൾ ആരെയും പിരിച്ചുവിട്ടിട്ടില്ലെന്നും അത്തരം മനുഷ്യത്വരഹിതമായ നടപടി ഒരിക്കലും സ്വീകരിക്കില്ലെന്നും കമ്പനി മൂന്ന് പേജ് നീണ്ട വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കി. തൊഴിൽ സമ്മർദത്തെ കുറിച്ച് അവബോധം വളർത്താനായി നടത്തിയ പദ്ധതിയുടെ ഭാഗമായാണ് ജോലിക്കാരെ പിരിച്ചുവിട്ടു എന്ന തരത്തിൽ ഇമെയിൽ സ്ക്രീൻഷോട്ട് പുറത്തുവിട്ടതെന്നും കമ്പനി വ്യക്തമാക്കി.
“ഞങ്ങളുടെ ടീം ഒരു കുടുംബം പോലെയാണ്. തൊഴിലാളികളുടെ ആത്മാർഥതയും കഠിനാധ്വാനവും സ്ഥിരോത്സാഹവുമാണ് ഞങ്ങളുടെ വിജയത്തിന്റെ അടിത്തറ. സമൂഹമാധ്യമത്തിലെ പോസ്റ്റ് മുൻകൂട്ടി തയാറാക്കിയ പദ്ധതിയുടെ ഭാഗമായിരുന്നു. തൊഴിൽ സമ്മർദത്തെ കുറിച്ച് അവബോധം വളർത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് അത് ചെയ്തത്. ആളുകൾ പ്രതികരിക്കുമ്പോഴാണ് അവർ എത്രത്തോളം കരുതലുള്ളവരാണെന്ന് മനസ്സിലാകുക. ജീവനക്കാരെ ആരെയും പിരിച്ചുവിട്ടിട്ടില്ല. എല്ലാവർക്കും വിശ്രമം നൽകിയിട്ടുണ്ട്. കൂടുതൽ ഊർജസ്വലരായി അവർ തിരിച്ചെത്തും.
ഏത് സ്ഥാപനത്തിനും നെടുംതൂണാകുന്നത് സമ്മർദമുള്ള തോളുകളല്ല, സന്തോഷം നിറഞ്ഞ മനസ്സാണെന്നും ഞങ്ങൾ വിശ്വസിക്കുന്നു” -കമ്പനി കുറിപ്പിൽ വ്യക്തമാക്കി. സമ്മർദം കുറക്കാനായി ജീവനക്കാർക്ക് പ്രത്യേക സൗകര്യങ്ങളും കമ്പനി നൽകുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മാനസികാരോഗ്യം വീണ്ടെടുക്കാനായി ആറ് ദിവസത്തേക്ക് ശമ്പളത്തോടുകൂടി പ്രത്യേക അവധിയും, വീട്ടിൽ സ്പാ സെഷനും കമ്പനി നൽകുന്നു.
നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹോം സലൂണ്‍ സര്‍വിസ് കമ്പനിയാണ് യെസ് മാഡം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ജീവനക്കാരുടെ മാനസികാരോഗ്യം പരിശോധിക്കുന്നതിന് കമ്പനി സര്‍വേ നടത്തിയത്. തൊഴിൽ സമ്മർദം അനുഭവിക്കുന്നുണ്ടെന്ന് സർവേയിൽ മറുപടി നൽകിയ മുഴുവനാളുകളെയും പിരിച്ചുവിട്ടതായി അറിയിച്ച് എച്ച്.ആർ മാനേജർ അയച്ചതെന്ന രീതിയിൽ മെയിലിന്‍റെ സ്‌ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ വൈറലാകുകയായിരുന്നു.
മെയിലിൽ പറയുന്നത് ഇങ്ങനെ:- 'ജോലിസ്ഥലത്തെ സമ്മർദ്ദത്തെക്കുറിച്ചുള്ള നിങ്ങളുടെ പ്രതികരണങ്ങൾ മനസിലാക്കാൻ ഞങ്ങൾ അടുത്തിടെ ഒരു സർവേ നടത്തി. നിങ്ങളിൽ പലരും ആശങ്കകളും അഭിപ്രായങ്ങളും പങ്കുവെച്ചു. നിങ്ങളുടെ പ്രതികരണങ്ങളെ കമ്പനി മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ആരോഗ്യകരവും പ്രോത്സാഹനപരവുമായ തൊഴിൽ അന്തരീക്ഷം വളർത്തിയെടുക്കാൻ പ്രതിജ്ഞാബദ്ധമായ ഒരു കമ്പനി എന്ന നിലയിൽ ഞങ്ങൾ നിങ്ങളുടെ ഫീഡ്‌ബാക്ക് ശ്രദ്ധാപൂർവ്വം പരിഗണിച്ചിട്ടുണ്ട്. ജോലിയിൽ ആരും സമ്മർദ്ദത്തിലാകുന്നില്ലെന്ന് ഉറപ്പാക്കാൻ ജോലി ഭാരം അനുഭവിക്കുന്നുണ്ടെന്ന് സൂചിപ്പിച്ച ജീവനക്കാരുമായി ബന്ധപ്പെട്ട് ഒരു തീരുമാനമെടുത്തിട്ടുണ്ട്. ബുദ്ധിമുട്ട് അനുഭവിക്കുന്ന ജീവനക്കാർ ഇനി കമ്പനിയിൽ തുടരേണ്ടതില്ല എന്നും അവരെ പിരിച്ചുവിടുന്നു എന്നതുമാണ് ആ തീരുമാനം. ഈ തീരുമാനം ഉടനടി പ്രാബല്യത്തിൽ വരും. ബാധിക്കപ്പെട്ട ജീവനക്കാർക്ക് മറ്റ് വിശദാംശങ്ങൾ പ്രത്യേകമായി ഇമെയിൽ അയക്കും. നിങ്ങളുടെ സേവനത്തിന് നന്ദി. ആശംസകളോടെ, എച്ച്.ആർ മാനേജർ, യെസ്മാഡം”
സ്ക്രീൻഷോട്ട് പ്രചരിച്ചതിനു പിന്നാലെ യെസ് മാഡത്തിനെതിരെ രൂക്ഷ വിമർശനമാണുയർന്നത്. മനുഷ്യത്വപരമല്ലാത്ത പിരിച്ചുവിടലാണ് കമ്പനി നടത്തിയതെന്നും ജീവനക്കാരുടെ കരിയര്‍ വെച്ച് കളിക്കുകയാണ് കമ്പനിയെന്നും വിമർശനങ്ങൾ ഉയർന്നു. ഏറ്റവും വിചിത്രമായ നടപടിയാണിതെന്നാണ് പലരും ചൂണ്ടിക്കാട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.