നിർമാണത്തിനേൽപിച്ച ഒന്നേകാൽ കോടി രൂപയുടെ സ്വർണവുമായി ജീവനക്കാർ മുങ്ങിയതായി പരാതി
text_fieldsമുംബൈ: മുംബൈയിലെ സാവേരി ബസാറിൽ നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി നൽകിയ ഒന്നേകാൽ കോടി രൂപ വിലമതിക്കുന്ന സ്വർണവുമായി ജോലിക്കാർ കടന്നുകളഞ്ഞതായി പരാതി.
ഇതു സംബന്ധിച്ച് വരുൺ ജന, ശ്രീകാന്ത് എന്നീ പ്രതികൾക്കെതിരെ എൽ.ടി മാർഗ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സാവേരി ബസാറിൽ സ്വർണാഭരണ ബിസിനസ് നടത്തുന്ന നിലേഷ് ജെയിനാണ് പരാതിനൽകിയത്. ആരോപണവിധേയരായ ജോലിക്കാരെ നിലേഷ് ജെയിന് ദീർഘനാളത്തെ പരിചയമുണ്ട്. ആഭരണ നിർമാണവും അറ്റകുറ്റപ്പണികളും അവരെ സ്ഥിരമായി ഏൽപ്പിക്കാറുണ്ടായിരുന്നുവെന്ന് ഇയാൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ഈ വർഷം ജനുവരി ഒന്നിനും 19നും ഇടയിൽ 1,536 ഗ്രാം ഭാരമുള്ള 22 കാരറ്റ് സ്വർണം ആഭരണ നിർമാണത്തിനായി ഇരുവർക്കും കൈമാറി. എന്നാൽ പണി പൂർത്തിയാക്കാതെയും സ്വർണം തിരികെ നൽകാതെയും ഇരുവരും അപ്രത്യക്ഷരായതായി ലോക്മത് ടൈംസ് റിപ്പോർട്ട് ചെയ്തു.
ജെയിൻ പലതവണ അവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കോളുകൾക്ക് മറുപടി ലഭിക്കാതായതോടെ താൻ വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലാക്കി എൽ.ടി മാർഗ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
പ്രതികളെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇവരെ പിടികൂടാൻ രണ്ട് സംഘങ്ങളെ മുംബൈക്ക് പുറത്തേക്ക് അയച്ചിട്ടുണ്ട്. രണ്ട് പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നും മോഷ്ടിച്ച ആഭരണങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ ഉറപ്പുനൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.