തൊഴിലുറപ്പ് ആധാർ കുരുക്കിൽ
text_fieldsന്യൂഡൽഹി: തൊഴിലുറപ്പ് കാർഡ്, ബാങ്ക് അക്കൗണ്ട് എന്നിവയുമായി ആധാർ കാർഡ് ബന്ധിപ്പിക്കാത്ത ഗുണഭോക്താക്കൾക്ക് തൊഴിലും വേതനവുമില്ലെന്ന വ്യവസ്ഥ പുതുവർഷം മുതൽ പ്രാബല്യത്തിൽ. കേന്ദ്രസർക്കാറിന്റെ പരിഷ്കാരത്തിൽ വ്യാപക പ്രതിഷേധം.
പുതിയ വ്യവസ്ഥ പ്രാബല്യത്തിൽവന്നതോടെ തൊഴിലാളിയുടെ ആധാറിലെ മേൽവിലാസമാണ് ധനകാര്യ മേൽവിലാസമായി അംഗീകരിക്കുക. 12 അക്ക ആധാർ നമ്പർ തൊഴിൽ കാർഡിലും ബാങ്ക് അക്കൗണ്ടിലും വേണം. നാഷനൽ പേമെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഡാറ്റബേസിലും ഈ നമ്പർ ഉൾപ്പെടുത്തിക്കൊണ്ടാണ് വേതനം ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്നത്. ഇത്തരത്തിൽ വേതനം കിട്ടിക്കൊണ്ടിരിക്കുന്നവർക്ക് തുടർന്നും പ്രയാസങ്ങളില്ല.
അതേസമയം, പുതുവർഷംമുതൽ ആധാർ അധിഷ്ഠിത പണമിടപാട് സംവിധാനത്തിലൂടെ മാത്രമാണ് വേതനം കൊടുക്കുക. ഈ ക്രമീകരണം നടപ്പാക്കാനുള്ള കാലാവധി നേരത്തേ അഞ്ചുതവണ നീട്ടിയിരുന്നു. പട്ടികയും പണമിടപാടു സംവിധാനവുമായി ബന്ധിപ്പിക്കുന്നതിലെ പിഴവുകൾ പരിഹരിക്കാൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ സമയം നൽകുകയാണ് ഇതുവഴി ചെയ്തത്.
പേരിലും മേൽവിലാസത്തിലുമുള്ള അക്ഷരത്തെറ്റുകൾ ഈ ബന്ധിപ്പിക്കൽ പ്രക്രിയയിൽ തടസ്സങ്ങൾ ഉണ്ടാക്കിയതുമൂലം നിലവിൽ ഒട്ടേറെ പേർ പ്രയാസം നേരിടുന്നുണ്ട്.
കഴിഞ്ഞ 21 മാസങ്ങൾക്കിടയിൽ ദേശീയതലത്തിൽ 7.6 കോടി ഗുണഭോക്താക്കളെ തൊഴിലുറപ്പ് പദ്ധതിയിൽനിന്ന് വെട്ടിക്കളഞ്ഞെന്നാണ് സാമൂഹിക പ്രവർത്തകരുടെ കൂട്ടായ്മയായ ലിബ്ടെക് ഇന്ത്യ നടത്തിയ പഠനത്തിൽ കണ്ടത്.
ഗ്രാമവികസന മന്ത്രാലയത്തിലെ കണക്കുപ്രകാരം, തൊഴിൽ കാർഡുള്ളവരിൽ 34.8 ശതമാനത്തിനും പുതിയ സമ്പ്രദായമനുസരിച്ച് പണം അക്കൗണ്ടിലേക്ക് നൽകാനാവില്ല. തൊഴിലുറപ്പ് പദ്ധതിയിൽ പേരു ചേർത്തെങ്കിലും സജീവാംഗമല്ലാത്തവരാണ് ഇതിൽ ഭൂരിഭാഗവുമെന്നാണ് സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നത്. കഴിഞ്ഞ മൂന്നു സാമ്പത്തിക വർഷങ്ങളിൽ ഒരു ദിവസമെങ്കിലും ജോലി ചെയ്യാത്തവരാണ് നിഷ്ക്രിയ അംഗങ്ങൾ.
സാങ്കേതികവിദ്യ തൊഴിലാളികൾക്കുനേരെ ആയുധമാക്കരുതെന്ന് കോൺഗ്രസ് പറഞ്ഞു. മികച്ച സാമൂഹിക ക്ഷേമ പദ്ധതി ഇല്ലാതാക്കാൻ തുടർച്ചയായി ശ്രമിച്ചുവരുകയാണ് സർക്കാർ. ആധാറും ബാങ്ക് അക്കൗണ്ടും ബന്ധിപ്പിക്കുന്നതിലെ തടസ്സങ്ങൾ സജീവാംഗങ്ങളായ 1.8 കോടി തൊഴിലാളികൾ നേരിടുന്നുണ്ടെന്ന് കോൺഗ്രസ് വക്താവ് ജയ്റാം രമേശ് പറഞ്ഞു. ഡിജിറ്റൽ ഹാജർ, ഡ്രോൺ നിരീക്ഷണം തുടങ്ങി പദ്ധതിയിൽ സർക്കാർ കൊണ്ടുവരുന്ന കടമ്പകൾ പലതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.