'പൃഥ്വിരാജിന്റെ സിനിമകളില്‍ ദേശവിരുദ്ധ ആശയങ്ങൾ ആവർത്തിക്കുന്നു'; എമ്പുരാനെ വിടാതെ ഓർഗനൈസർ
text_fieldsവിവാദങ്ങളും പ്രതിഷേധങ്ങളും കനക്കുമ്പോഴും എമ്പുരാനെതിരെ വീണ്ടും വിമർശനങ്ങളുമായി ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസർ. ഞായറാഴ്ച പ്രസിദ്ധീകരിച്ച ഒന്നിലധികം ലേഖനങ്ങളിലാണ് പൃഥ്വിരാജ്, മോഹന്‍ലാല്‍ എന്നിവര്‍ക്ക് എതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ആവര്‍ത്തിക്കുന്നത്.
എമ്പുരാൻ ഭീകരവാദത്തെ വെള്ളപൂശുകയും ഹിന്ദു സമൂഹത്തെ വില്ലൻ വേഷത്തിൽ അവതരിപ്പിക്കുകയും ചെയ്തുവെന്ന് ലേഖനത്തിൽ വിമർശിക്കുന്നു. ചിത്രത്തിലെ വിവാദ ഭാഗങ്ങൾ നീക്കം ചെയ്യുമെന്ന് നടൻ മോഹൻലാലും അണിയറ പ്രവർത്തകരും പ്രഖ്യാപിച്ചിരിക്കെയാണ് പുതിയ ലേഖനം.
പൃഥ്വിരാജിന്റെ സിനിമകളില്‍ ദേശവിരുദ്ധ ആശയങ്ങളുടെ ആവർത്തനം ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നതാണെന്നും ഓർഗനൈസറിൽ പറയുന്നു. എമ്പുരാൻ ചിത്രത്തിന്‍റെ ഫണ്ടിംങിനെക്കുറിച്ചും നിർമാതക്കളായിരുന്ന ലൈക്ക പ്രൊഡക്ഷന്‍സ് എന്തുകൊണ്ടാണ് പദ്ധതിയില്‍ നിന്ന് പിന്മാറിയെന്നും വിശദമായി പരിശോധിക്കേണ്ട കാര്യങ്ങളാണെന്നും ലേഖനം പറയുന്നു.
ഭാരതത്തിന്റെ ചരിത്രത്തിലെ ഒരു ദാരുണവും സങ്കീര്‍ണ്ണവുമായ അധ്യായമാണ് ഗുജറാത്ത് കലാപം. അതിനെ വക്രീകരിച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ഐക്യത്തെയും അതിന്റെ ജനാധിപത്യ സ്ഥാപനങ്ങളെയും ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്ന വിധത്തിലാണ് ഈ ചിത്രം ചെയ്തിരിക്കുന്നതെന്നും ലേഖനത്തില്‍ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.