ജമ്മു കശ്മീരിലെ ദോഡയിൽ ഭീകരരുമായി വീണ്ടും ഏറ്റുമുട്ടൽ
text_fieldsദോഡ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ ഭീകരരുമായി വീണ്ടും ഏറ്റുമുട്ടൽ. പുലർച്ചെ രണ്ട് മണിയോടെ കസ്തിഗറിലെ ജദൻബട്ട ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
തിരച്ചിൽ നടത്തിയ സുരക്ഷാ സേനാംഗങ്ങൾക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ജമ്മു കശ്മീർ പൊലീസ് ആണ് ഏറ്റുമുട്ടൽ വിവരം പുറത്തുവിട്ടത്. ജൂലൈ 16ന് ദോഡയിൽ നടത്തിയ ആക്രമണത്തിൽ നാല് സൈനികർക്ക് വീരമൃത്യു വരിച്ചതിന് പിന്നാലെയാണ് ഭീകരർക്കായി സുരക്ഷാസേന വ്യാപക തിരച്ചിൽ ആരംഭിച്ചത്.
ജൂലൈ 16ന് ദോഡയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ നാല് സൈനികർക്ക് വീരമൃത്യു വരിച്ചിരുന്നു. സൈനിക ഓഫിസർ ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. വെടിവെപ്പിൽ ജമ്മു കശ്മീർ പൊലീസിലെ ഉദ്യോഗസ്ഥനും പരിക്കേറ്റിരുന്നു.
ഭീകരരെ കണ്ടെത്താനായി ദോഡ നഗരത്തിൽ നിന്ന് 55 കിലോമീറ്റർ അകലെ പൊലീസിലെ പ്രത്യേക വിഭാഗവും സൈന്യവും നടത്തിയ സംയുക്ത ഓപറേഷനിടെയാണ് വെടിവെപ്പ് ഉണ്ടായത്. പാകിസ്താന്റെ പിന്തുണയുള്ള ജെയ്ഷെ മുഹമ്മദിന്റെ നിഴൽ സംഘമായ ‘കശ്മീർ ടൈഗേഴ്സ്’ ആണ് ആക്രമണത്തിന് പിന്നിലെന്ന് സൈന്യം അറിയിച്ചു.
അതേസമയം, ജമ്മു കശ്മീരിൽ 32 മാസത്തിനിടെ വീരമൃത്യു വരിച്ചത് 48 സൈനികരെന്നാണ് കണക്കുകൾ. ദോഡ ജില്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മേജർ അടക്കം നാലു സൈനികർ വീരമൃത്യു വരിച്ചതിന് പിന്നാലെയാണ് റിപ്പോർട്ട് പുറത്തുവന്നത്.
മേഖലയിൽ അടുത്തിടെയുണ്ടായ പ്രധാന ആക്രമണങ്ങൾ:
ഇന്ന്: ദോഡയിലെ ഏറ്റുമുട്ടലിൽ മേജർ ബ്രിജേഷ് ഥാപ്പ അടക്കം നാലു സൈനികർക്ക് വീരമൃത്യു
ജൂലൈ 8, 2024: കത്വ ജില്ലയിൽ സൈനിക വാഹനവ്യൂഹത്തിന് നേരെയുള്ള ആക്രമണത്തിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചു. അഞ്ച് സൈനികർക്ക് പരിക്കേറ്റു
ജൂലൈ 11-12, 2024: രണ്ടു ദിവസങ്ങളിലുണ്ടായ ആക്രമണത്തിൽ ആറു സൈനികർക്ക് പരിക്ക്
ജൂലൈ 9, 2024: തീർഥാടകർ സഞ്ചരിച്ച ബസിനുനേർക്ക് ഭീകരർ ആക്രമണം നടത്തുകയും ബസ് തോട്ടിലേക്ക് മറിഞ്ഞ് ഒമ്പത് പേർ കൊല്ലപ്പെടുകയും ചെയ്തു. 33 പേർക്ക് പരിക്കേറ്റു
മേയ് 4, 2024: പൂഞ്ച് ജില്ലയിൽ വ്യോമസേനാ വാഹനമടക്കം രണ്ട് വാഹനങ്ങൾക്കുനേരെ ഭീകരരുടെ വെടിവെപ്പ്. വ്യോമസേനയിലെ സൈനികന് വീരമൃത്യു. അഞ്ചു പേർക്ക് പരിക്കേറ്റു
ഡിസംബർ 21, 2023: ആക്രമണത്തിൽ നാലു സൈനികർക്ക് വീരമൃത്യു
നവംബർ 2023: രണ്ടു ക്യാപ്റ്റന്മാർ അടക്കം അഞ്ചു സൈനികർ വീരമൃത്യു വരിച്ചു
ഏപ്രിൽ-മേയ് 2023: ഇരട്ട ആക്രമണത്തിൽ വീരമൃത്യു വരിച്ചത് 10 സൈനികർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.