മൂന്നാംദിനവും ഏറ്റുമുട്ടൽ; പുൽവാമയിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു
text_fieldsശ്രീനഗർ/ജമ്മു: സുഞ്ച്‍വാനും കുൽഗാമിനും പിന്നാലെ ജമ്മു-കശ്മീരിലെ പുൽവാമയിലും സുരക്ഷ സേനയും തീവ്രവാദികളുമായി ഏറ്റുമുട്ടൽ. പഹൂ മേഖലയിൽ ഞായറാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു. തുടർച്ചയായ മൂന്നാം ദിവസമാണ് കശ്മീരിൽ ഏറ്റുമുട്ടലുണ്ടാവുന്നത്. കൊല്ലപ്പെട്ടവർ ലശ്കറെ ത്വയ്യിബ തീവ്രവാദികളാണെന്ന് സംശയിക്കുന്നതായും തിരച്ചിൽ നടത്തവെ തീവ്രവാദികൾ വെടിയുതിർത്തതാണ് ഏറ്റുമുട്ടലിന് കാരണമെന്നും പൊലീസ് പറഞ്ഞു. മരിച്ചവരിൽ ഒരാൾ ഉന്നത ലശ്കർ കമാൻഡർ ബാസിതിന്റെ സഹായിയായ ആരിഫ് ഹസർ എന്ന റെഹാൻ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ് ഇൻസ്‍പെക്ടർ പർവേസ്, സബ് ഇൻസ്‍പെക്ടർ അർഷിദ്, ഒരു മൊബൈൽ ഷോപ് ഉടമ എന്നിവരുടെ കൊലപാതകത്തിൽ പങ്കുള്ളയാളാണ് ആരിഫ് എന്നും പൊലീസ് പറഞ്ഞു.
അതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് തലേന്ന് ജമ്മു-കശ്മീരിലെ കുൽഗാം ജില്ലയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ജയ്‌ശെ മുഹമ്മദ് ഭീകരരെ പൊലീസ് തിരിച്ചറിഞ്ഞു. പാകിസ്താൻ സ്വദേശികളായ സുൽത്താൻ പത്താൻ, സബിയുല്ല എന്നിവരാണ് ശനിയാഴ്ച കൊല്ലപ്പെട്ടത്. 2018 മുതൽ ഇവർ കുൽഗാം, ഷോപിയാൻ ജില്ലകളിൽ സജീവമാണെന്ന് കശ്മീർ ഐ.ജി വിജയ് കുമാർ ട്വിറ്ററിൽ കുറിച്ചു. രണ്ട് എ.കെ റൈഫിളുകളും ഏഴ് വെടിക്കോപ്പുകളും ഒമ്പത് ഗ്രനേഡുകളും ഇവരിൽ നിന്ന് കണ്ടെടുത്തു. അതേസമയം, സുഞ്ച്‍വാനിൽ വെള്ളിയാഴ്ച ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രണ്ട് ജെയ്‌ശെ മുഹമ്മദ് ഭീകരരെ കടത്തിയവരെന്ന് കരുതുന്ന രണ്ട് പേരെ ജമ്മു-കശ്മീർ പൊലീസ് അറസ്റ്റ് ചെയ്തു. തെക്കൻ കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ നിന്ന് ഡ്രൈവർ ബിലാൽ അഹമ്മദ് വാഗേ, സഹായി ഇഷ്ഫാഖ് ചോപ്പൻ എന്നിവരാണ് പിടിയിലായത്. നേരത്തേ ഏറ്റുമുട്ടൽ കേസിൽ ഷഫീഖ് അഹമ്മദ് ഷെയ്ഖിനെ അറസ്റ്റ് ചെയ്യുകയും ഇഖ്ബാൽ റാത്തറിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. അതേസമയം, ജമ്മു നഗരത്തിനു പുറത്ത് കൃഷിയിടത്തിൽ സ്ഫോടനം റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച ബിഷ്ണനിലെ ലാലിയൻ ഗ്രാമത്തിലാണ് സ്‌ഫോടനമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.