കശ്മീരിലെ വെടിനിർത്തലിൽ പി.ഡി.പി അസ്വസ്ഥർ; ബി.ജെ.പി നേതാക്കളെ അമിത് ഷാ വിളിപ്പിച്ചു
text_fieldsജമ്മുകശ്മീർ: റമദാൻ മാസത്തോടനുബന്ധിച്ച് കശ്മീരിൽ നടപ്പിലാക്കിയ വെടി നിർത്തൽ തുടരാത്തതിൽ പി.ഡി.പിക്ക് അതൃപ്തി. സൈനിക നടപടികൾ തുടരാമെന്നും വെടിനിർത്തൽ പിൻവലിക്കുന്നതായുമുള്ള കേന്ദ്രതീരുമാനം കശ്മീരിൽ ഭരണം പങ്കിടുന്ന പി.ഡി.പിയും സഖ്യകക്ഷിയായ ബി.ജെ.പിയും തമ്മിലുള്ള ബന്ധത്തിൽ ഒരിക്കൽ കൂടി വിള്ളലുണ്ടാക്കിയിരിക്കുകയാണ്. പ്രശ്നം ചർച്ച ചെയ്യാൻ കശ്മീരിലെ ബി.ജെ.പി മന്ത്രിമാരെ അമിത് ഷാ ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
റമദാൻ കാലയളവിൽ കശ്മീരിലെ ജനങ്ങൾക്ക് അൽപം സ്വൈര്യവും സമാധാനവും നൽകുകയെന്ന ലക്ഷ്യം വെച്ചാണ് പ്രത്യേക സമാധാന ശ്രമമെന്ന നിലയിൽ സൈനിക നടപടികൾ നിർത്തി വെച്ചത്. കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ ആശയമായിരുന്നു ഇത്. എന്നാൽ സഖ്യകക്ഷി കൂടിയായ ബി.ജെ.പി ഇതിനെ ശക്തമായി എതിർത്തിരുന്നു. മുഫ്തിയുടെ നിർദ്ദേശം തള്ളണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തു.
റമദാൻ മാസത്തിനു ശേഷവും വെടിനിർത്തൽ തുടരുമെന്നായിരുന്നു മുഫ്തിയുടെ പ്രതീക്ഷ. എന്നാൽ ഇൗ കാലയളവിൽ ഭീകരപ്രവർത്തനങ്ങൾ ഇരട്ടിയിലധികമായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. റമദാന് രണ്ടു ദിവസം മുമ്പ് മുതിർന്ന മാധ്യമപ്രവർത്തകനായ ശുജാഅത്ത് ബുഖാരി കൊല്ലപ്പെടുക കൂടി ചെയ്തതോടെ വെടിനിർത്തൽ തുടരുമെന്നുള്ള ചെറിയ പ്രതീക്ഷയും അവസാനിക്കുകയായിരുന്നു.
വ്യത്യസ്ത കാഴ്ചപ്പാടുകളുള്ള ബി.ജെ.പി-പി.ഡി.പി സഖ്യത്തിൽ തുടക്കം മുതൽ തന്നെ പല കാര്യങ്ങളിലും അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.