അവസാനിക്കാതെ ‘ഡിജിറ്റൽ അറസ്റ്റ്’: ഇത്തവണ ഇരയായത് സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ, നഷ്ടമായത് 11.8 കോടി രൂപ
text_fieldsബംഗളൂരു: രാജ്യത്ത് തുടരുന്ന ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പിനിടെ ഇത്തവണ ഇരയായത് ബംഗളൂരുവിലെ സോഫ്‌റ്റ്‌വെയർ എൻജിനീയർ. മാധ്യമങ്ങളും പൊലീസും അധികൃതരും നിരന്തരം മുന്നറിയിപ്പ് നൽകിയിട്ടും അഭ്യസ്തവിദ്യർ ഉൾപ്പെടെയുള്ളവർ തട്ടിപ്പിൽ വീഴുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ബംഗളൂരു ഹെബ്ബാളിന് സമീപമുള്ള ജി.കെ.വി.കെ ലേഔട്ടിൽ താമസിക്കുന്ന 39 കാരനാണ് കബളിപ്പിക്കപ്പെട്ടതെന്ന് ബംഗളൂരു പോലീസ് പറഞ്ഞു. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ 11.8 കോടി രൂപയാണ് ഇയാൾക്ക് നഷ്ടപ്പെട്ടത്. ബംഗളൂരു നഗരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും വലിയ സൈബർ കുറ്റകൃത്യങ്ങളിലൊന്നാണിതെന്ന് പൊലീസ് അറിയിച്ചു. ഡിസംബർ 12ന് നോർത്ത്-ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് ഇയാൾ പരാതി നൽകിയത്. നവംബർ 25നും ഡിസംബർ 12 നും ഇടയിലാണ് തട്ടിപ്പ് നടന്നത്.
നവംബർ 11 ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട ഒരു വ്യക്തിയിൽ നിന്ന് കോൾ ലഭിച്ചതോടെയാണ് തട്ടിപ്പ് ആരംഭിച്ചത്. ആധാറുമായി ബന്ധിപ്പിച്ച സിം കാർഡ് നിയമവിരുദ്ധമായ പരസ്യങ്ങൾക്കും മറ്റും ഉപയോഗിച്ചതായും മുംബൈയിലെ കൊളാബ സൈബർ പോലീസ് സ്‌റ്റേഷനിൽ ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും തട്ടിപ്പുകാരൻ ഇരയെ വിശ്വസിപ്പിച്ചു.
അൽപ സമയത്തിനുശേഷം പൊലീസ് ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട് ഒരാൾ എൻജിനീയറെ ബന്ധപ്പെട്ടു. കള്ളപ്പണം വെളുപ്പിക്കുന്നതിനായി ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ ഇരയുടെ ആധാർ ദുരുപയോഗം ചെയ്യുന്നുവെന്ന് തട്ടിപ്പുകാരൻ അറിയിച്ചു. സഹകരിക്കുന്നതിൽ ഇര പരാജയപ്പെട്ടാൽ നേരിട്ട് അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. അധികം താമസിയാതെ, മറ്റൊരാൾ ഇരയോട് സ്കൈപ്പ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ നിർദ്ദേശിച്ചു. ശേഷം പൊലീസ് യൂണിഫോം ധരിച്ച് ഒരാൾ ഇരയെ വിഡിയോയിൽ വിളിക്കുകയും വ്യവസായി നരേഷ് ഗോയൽ ഇരയുടെ ആധാർ ഉപയോഗിച്ച് കനറാ ബാങ്ക് അക്കൗണ്ട് തുറന്ന് ആറു കോടി രൂപയുടെ ഇടപാടുകൾ നടത്തുകയും ചെയ്തുവെന്ന് ആരോപിച്ചു.
നവംബർ 25 ന്, തട്ടിപ്പുകാർ നിയുക്ത അക്കൗണ്ടുകളിലേക്ക് പണം കൈമാറാൻ ഇരയെ നിർബന്ധിച്ചു. അറസ്റ്റും മറ്റ് പ്രത്യാഘാതങ്ങളും ഭയന്ന് ഡിസംബർ 12നകം തട്ടിപ്പുകാരുടെ നിയന്ത്രണത്തിലുള്ള വിവിധ അക്കൗണ്ടുകളിലേക്ക് 11.8 കോടി രൂപ അയച്ചു. തട്ടിപ്പു ബോധ്യമായതിനെ തുടർന്ന് പിന്നീട് ഇയാൾ പൊലീസിനെ സമീപിക്കുകയായിരുന്നു
വിവരസാങ്കേതിക നിയമപ്രകാരവും ഭാരതീയ ന്യായ സംഹിതയുടെ 318 (വഞ്ചന), 319 (ആൾമാറാട്ടം വഴിയുള്ള വഞ്ചന) എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരവും പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.