ഇ.ഡി ഇടക്കിടെ വന്നു പോകേണ്ട, വീട്ടിൽ താമസിച്ച് അന്വേഷിച്ചോളൂ -തേജസ്വി
text_fieldsന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളെ നേരിടാൻ മോദിസർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗിക്കുന്നതിനെതിരെ ബിഹാർ ഉപമുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ തേജസ്വി യാദവ്.
ബിഹാറിൽ ഭരണമാറ്റം ഉണ്ടായ സാഹചര്യത്തിൽ കേന്ദ്ര ഏജൻസികൾ കളത്തിലിറങ്ങാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു- ''അന്വേഷണ ഏജൻസികൾക്ക് സ്വാഗതം. ഇ.ഡി, സി.ബി.ഐ, ആദായനികുതി വകുപ്പ്... അവരെല്ലാം വരട്ടെ. എത്ര നാൾ വേണമെങ്കിലും വീട്ടിൽ വന്നു താമസിച്ച് അന്വേഷിക്കട്ടെ. എന്തിനാണ് വന്നുപോയി രണ്ടുമാസം കഴിയുമ്പോൾ വീണ്ടും വന്ന് റെയ്ഡ് നടത്തുന്നത്. വീട്ടിൽ വന്നു താമസിക്കുന്നതാണ് എളുപ്പം.''
ജനതാദൾ (യു)-ആർ.ജെ.ഡി സഖ്യം മുൻകൂട്ടി ആസൂത്രണം ചെയ്തതൊന്നുമല്ലെന്ന് ടി.വി ചാനൽ അഭിമുഖത്തിൽ തേജസ്വി യാദവ് പറഞ്ഞു. അത് പൊടുന്നനെ ഉണ്ടായതാണ്. ബി.ജെ.പിക്കൊപ്പം നിന്ന നിതീഷ് അസ്വസ്ഥനായിരുന്നു. അവർ എല്ലാം അടിച്ചേൽപിക്കാൻ ശ്രമിച്ചു. ആ വികാരം അദ്ദേഹത്തിന്റെ മുഖത്ത് കാണാമായിരുന്നു. മറ്റു പല സംസ്ഥാനങ്ങളിലും ചെയ്ത പോലെ ബിഹാറിൽ ജെ.ഡി.യു പിളർത്താൻ ശ്രമിക്കുകയായിരുന്നു ബി.ജെ.പി. സഖ്യം ബിഹാറിന്റെ ഇപ്പോഴത്തെ ആവശ്യമാണ്. പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചിരുന്ന് മുന്നോട്ടുള്ള വഴി തയാറാക്കണം. നരേന്ദ്ര മോദിയെ നേരിടാൻ പറ്റിയൊരു മുഖം ജനങ്ങൾക്കു വേണം. നമ്മൾ വളരെ വൈകി -തേജസ്വി പ്രതിപക്ഷത്തോടായി പറഞ്ഞു.
അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർഥിയാകാൻ നിതീഷ് യോഗ്യനാണെന്ന് തേജസ്വി പറഞ്ഞു. അദ്ദേഹത്തിന് ഭരണത്തിലും രാഷ്ട്രീയത്തിലും തഴക്കമുണ്ട്. രാജ്യസഭയിലൊഴികെ എല്ലായിടത്തും അംഗമായിരുന്നു. കേന്ദ്രമന്ത്രിയായിരുന്നു. നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രിയാകാമെങ്കിൽ നിതീഷിന് എന്തുകൊണ്ട് പറ്റില്ല? -തേജസ്വി ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.