ഡൽഹി മദ്യനയ കേസ്; 3000 പേജുള്ള കുറ്റപത്രം സമർപ്പിച്ച് ഇ.ഡി
text_fieldsന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ സി.ബി.ഐക്ക് പിന്നാലെ ഇ.ഡിയും കുറ്റപത്രം സമർപ്പിച്ചു. 3000 പേജുകളുള്ള കുറ്റപത്രമാണ് ഇ.ഡി കോടതിയിൽ സമർപ്പിച്ചതെന്നാണ് റിപ്പോർട്ട്. പ്രതികളെ കുറിച്ച് വിശദമായ അന്വേഷണം തുടരുകയാണെന്ന് ഇ.ഡി കോടതിയെ അറിയിച്ചു.
നിലവിൽ സമീർ മെഹൻദ്രുവിന്‍റെ പേര് മാത്രമാണ് കുറ്റപത്രത്തിൽ നൽകിയതെന്നും മറ്റ് പ്രതികൾക്കെതിരെ പിന്നീട് കുറ്റപത്രം സമർപ്പിക്കുമെന്നും ഇ.ഡി വ്യക്തമാക്കി. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്തെത്തി. ഇ.ഡിയുടെ കുറ്റപത്രത്തിൽ മനീഷ് സിസോദിയയുടെ പേരില്ലെന്നും അദ്ദേഹത്തെ കള്ളകേസിൽ കുടുക്കിയതിന് മോദി രാജ്യത്തോട് മാപ്പ് പറയേണ്ടതാണെന്നും കെജ്രിവാൾ ട്വീറ്റ് ചെയ്തു.
ഡൽഹി മദ്യനയ അഴിമതി കേസിൽ ഏഴ് പ്രതികൾക്കെതിരെ സി.ബി.ഐ കഴിഞ്ഞദിവസമാണ് ആദ്യ കുറ്റപത്രം സമർപ്പിച്ചത്. എഫ്.ഐ.ആറിൽ പേരുള്ള ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ പേര് കുറ്റപത്രത്തിൽ ഇല്ല. സിസോദിയയുടെയും എഫ്.ഐ.ആറിൽ പരാമർശിച്ച മറ്റ് പ്രതികളുടെയും ലൈസൻസികളുമായുള്ള ഗൂഢാലോചന അടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം നടക്കുകയാണെന്ന് സി.ബി.ഐ വക്താവ് പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.