കെജ്‌രിവാളിന്‍റെ ഹരജിയിൽ മറുപടി നൽകാൻ സമയം അനുവദിക്കണമെന്ന് ഇ.ഡി
text_fieldsന്യൂഡൽഹി: എക്‌സൈസ് നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തന്‍റെ അറസ്റ്റിനെ ചോദ്യം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നൽകിയ ഹരജിയിൽ മറുപടി നൽകാൻ സമയം അനുവദിക്കണമെന്ന് ഇ.ഡി.
നിലപാട് രേഖപ്പെടുത്താൻ മൂന്നാഴ്ചത്തെ സമയം നൽകണമെന്ന് ഏജൻസിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി രാജു ഡൽഹി ഹൈകോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ സമയം ചോദിക്കുന്നത് കേസ് വൈകിപ്പിക്കാനുള്ള തന്ത്രമാണെന്ന് കെജ്‌രിവാളിന്‍റെ അഭിഭാഷകൻ എ.എം സിങ്വി കോടതിയിൽ പറഞ്ഞു.
ഡൽഹി മദ്യനയ അഴിമതിക്കേസിൽ മാർച്ച് 21നാണ് അരവിന്ദ് കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. അറസ്റ്റ് അടക്കം അന്വേഷണ ഏജൻസിയുടെ തുടർനടപടികളിൽനിന്ന് കെജ്രിവാളിന് സംരക്ഷണം നൽകാൻ ഡൽഹി ഹൈകോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് അറസ്റ്റ്.
കെജ്‌രിവാളിന്‍റെ ജാമ്യാപേക്ഷയും ഡൽഹി റോസ് അവന്യു കോടതി തള്ളിയിരുന്നു. മാർച്ച് 28 വരെ കെജ്‌രിവാളിനെ ഇ.ഡി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. മദ്യനയ അഴിമതിക്കേസിൽ ഒമ്പതു തവണ ചോദ്യം ചെയ്യാനായി ഇ.ഡി നോട്ടീസ് അയച്ചിട്ടും കെജ്‌രിവാൾ ഹാജരായിരുന്നില്ല.
അതേസമയം, അകത്തായാലും പുറത്തായാലും ഓരോ നിമിഷവും രാജ്യസേവനം തുടർന്നുകൊണ്ടേയിരിക്കും. ജീവിതത്തിലെ ഓരോ നിമിഷവും രാജ്യത്തിനായി സമർപ്പിച്ചതാണ്. ഓരോ തുള്ളി രക്തവും രാജ്യത്തിന് വേണ്ടിയാണ്. പോരാടാൻ വേണ്ടി മാത്രമാണ് താൻ ഈ ഭൂമിയിൽ ജനിച്ചത്. ഇന്നുവരെ ഏറെ പോരാട്ടങ്ങൾ നടത്തി. വരും ദിവസങ്ങളിൽ വലിയ പോരാട്ടങ്ങൾ ഏറ്റെടുക്കേണ്ടിവരുമെന്നതിനാൽ ഈ അറസ്റ്റ് അത്ഭുതപ്പെടുത്തുന്നില്ലെന്ന് അരവിന്ദ് കെജ്‌രിവാൾ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.