സ്ഫോടകവസ്തു ഉപയോഗിച്ച് എ.ടി.എം തകർത്ത് കവർച്ച; എൻജിനീയറിങ് ബിരുദധാരി ഉൾപ്പെടെ അറസ്റ്റിൽ
text_fieldsഭോപാൽ: മധ്യപ്രദേശിൽ സ്ഫോടകവസ്തു ഉപയോഗിച്ച് എ.ടി.എം തകർത്ത് കവർച്ച നടത്തിയ കേസിൽ എൻജിനീയറിങ് ബിരുദധാരി ഉൾപ്പെടെ ആറംഗസംഘം അറസ്റ്റിൽ. ഏഴു എ.ടി.എമ്മുകളിൽനിന്നായി 46 ലക്ഷം രൂപയാണ് സംഘം കവർന്നത്. എ.ടി.എമ്മുകളിൽ എത്രത്തോളം പണം നിറച്ചിട്ടുണ്ടെന്ന് പരിശോധിച്ചശേഷം ജലാറ്റിൻ സ്റ്റിക്കും മോട്ടോർസൈക്കിൾ ബാറ്ററിയും ഉപയോഗിച്ച് എ.ടി.എമ്മിലെ കാഷ് ട്രേക്ക് സമീപം സ്ഫോടനമുണ്ടാക്കിയാണ് കവർച്ച. ടെലിവിഷനിലെ കുറ്റകൃത്യപരിപാടികൾ കണ്ടശേഷമായിരുന്നു പദ്ധതി ആസൂത്രണം.
ദാമോ, ജബൽപുർ, പന്ന, കട്നി ജില്ലകളിലെ ഏഴ് എ.ടി.എമ്മുകളിലാണ് കവർച്ച നടത്തിയത്. ജൂലൈ 19ന് നടത്തിയ കവർച്ചയിൽ പന്നയിലെ എ.ടി.എമ്മിൽനിന്ന് 22ലക്ഷം രൂപ കവർന്നിരുന്നു. ദേവേന്ദ്ര പട്ടേൽ, സന്തോഷ് പട്ടേൽ, നീതീഷ് പട്ടേൽ, ജയ്റാം പട്ടേൽ, രാകേഷ് പട്ടേൽ, സൂരത്ത് ലോധി എന്നിവരാണ് പിടിയിലായത്.
കവർച്ചയുടെ മുഖ്യസൂത്രധാരൻ 28 കാരനായ ദേവേന്ദ്ര പട്ടേൽ എൻജിനീയറിങ് ബിരുദധാരിയും സിവിൽ സർവിസ് പരീക്ഷക്ക് തയാറെടുത്തുകൊണ്ടിരിക്കുന്നയാളുമാണ്. ടെലിവിഷനിലെ കവർച്ച, കുറ്റകൃത്യ പരിപാടികൾ നിരന്തരം വീക്ഷിച്ച് കവർച്ചക്ക് തയാറെടുക്കുകയായിരുന്നു. സംഘത്തിെൻറ പക്കൽനിന്നും പണവും കവർച്ചക്ക് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും കണ്ടെടുത്തതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അനിൽ ശർമ പറഞ്ഞു.
25.57ലക്ഷം രൂപ, 3.50 ലക്ഷം രൂപയുടെ വ്യാജനോട്ട്, രാജ്യത്ത് നിർമിച്ച രണ്ടു തോക്കുകൾ, എട്ടു വെടിയുണ്ടകൾ, ഡിറ്റനേറ്ററുകൾ, കളർ പ്രിൻറർ, മൂന്ന് മോട്ടോർ സൈക്കിളുകൾ, ജലാറ്റിൻ സ്റ്റിക്ക്, മൊബൈൽ ഫോണുകൾ, ലാപ്ടോപ്പ് എന്നിവ സംഘത്തിൽനിന്ന് കണ്ടുകെട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.