സത്യപ്രതിജ്ഞ ചെയ്യാനാവാതെ എൻജിനീയർ റാഷിദും അമൃത്പാൽ സിങ്ങും
text_fieldsന്യൂഡൽഹി: ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് സത്യപ്രതിജ്ഞ ചെയ്യാനാവാതെ എൻജിനീയർ റാഷിദും അമൃത്പാൽ സിങ്ങും. ബാരാമുല്ലയിൽ നിന്ന് രണ്ടുലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച അബ്ദുൽ റാഷിദ് ശൈഖ് എന്ന എൻജിനീയർ റാഷിദ് നിലവിൽ തിഹാർ ജയിലിലാണ്. തീവ്രവാദത്തിന് ഫണ്ട് നൽകിയെന്നാരോപിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) യു.എ.പി.എ നിയമപ്രകാരമാണ് റാഷിദിനെ അറസ്റ്റ് ചെയ്തത്.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നയുടൻ ഇടക്കാല ജാമ്യത്തിനായി ഡൽഹി കോടതിയെ സമീപിച്ചുവെങ്കിലും എൻ.ഐ.എ, ജാമ്യം നൽകരുതെന്ന് ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞദിവസം കേസ് പരിഗണിച്ച കോടതി എൻ.ഐ.എക്ക് നിലപാട് വ്യക്തമാക്കാൻ ജൂലൈ ഒന്നുവരെ സമയം നൽകിയിരിക്കുകയാണ്.
പഞ്ചാബിലെ ഖദൂർ സാഹിബ് മണ്ഡലത്തിൽനിന്ന് 1.97 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ട തീപ്പൊരി പ്രഭാഷകനും വാരിസ് പഞ്ചാബ് ദേ നേതാവുമായ അമൃത്പാൽസിങ് ദേശീയ സുരക്ഷാ നിയമപ്രകാരം അസമിലെ ദിബ്രുഗഡ് ജയിലിലാണ്.
അനുയായികളെ മോചിപ്പിക്കാൻ പൊലീസ് സ്റ്റേഷൻ ആക്രമിച്ചതടക്കം നിരവധി കേസുകൾ അമൃത്പാൽ സിങ്ങിനെതിരെ നിലവിലുണ്ട്. സത്യപ്രതിജ്ഞ ചെയ്യാൻ തടവിൽനിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സിങ് പഞ്ചാബ് സർക്കാറിന് കത്തെഴുതിയിരുന്നു.
തിരുവനന്തപുരം എം.പി ശശി തരൂർ (കോൺഗ്രസ്), ബസിർഹത്ത് എം.പി ശൈഖ് നൂറുൽ ഇസ്ലാം, അസൻസോൾ എം.പി ശത്രുഘ്നൻ സിൻഹ (ടി.എം.സി) എന്നിവരും സത്യപ്രതിജ്ഞ ചെയ്യാനുണ്ട്. പേരുവിളിച്ചെങ്കിലും ഇവരാരും സഭയിലുണ്ടായിരുന്നില്ല. ഘട്ടലിൽ നിന്നുള്ള ദീപക് അധികാരി (ടി.എം.സി) ബുധനാഴ്ച എം.പിയായി സത്യപ്രതിജ്ഞ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.