എൻജിനീയർ റാഷിദ് പാർലമെന്റിലെത്തി; 10 മണിക്കൂർ നീണ്ട ബജറ്റ് ചർച്ചയിൽ സംസാരിക്കാൻ കിട്ടിയത് ഒരുമിനിറ്റ് മാത്രം!
text_fieldsന്യൂഡൽഹി: ഒമ്പതുമാസമായി പാർലമെന്റിൽ തന്റെ പ്രാതിനിധ്യത്തിനായി കാത്തിരിക്കുകയായിരുന്നു അബ്ദുൽ റാഷിദ് ശൈഖ് എന്ന എൻജിനീയർ റാഷിദ്. ഡൽഹി ഹൈകോടതി ഫെബ്രുവരി 11നും 13നും നടക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ രണ്ടുദിവസത്തെ കസ്റ്റഡി പരോൾ അനുവദിച്ചതോടെയാണ് റാഷിദ് എൻജിനീയർക്ക് സഭയിലെത്താൻ സാധിച്ചത്. ബരാമുല്ല മണ്ഡലത്തിൽ നിന്നുള്ള സ്വതന്ത്ര എം.പിയാണ് അദ്ദേഹം.
ലോക്സഭയിലെ മൂന്നാംനിരയിലുള്ള 335ാം സീറ്റിലായിരുന്നു റാഷിദ് ഇരുന്നത്. ചൊവ്വാഴ്ച പാർലമെന്റിലെ ശൂന്യവേളയിലാണ് അദ്ദേഹം പങ്കെടുത്തത്. ജമ്മുകശ്മീരിൽ അടുത്തിടെ രണ്ട് പൗരൻമാർ മരിച്ച സംഭവത്തിൽ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സുരക്ഷ സേനയുടെ പീഡനമാണ് അവരുടെ മരണത്തിന് പിന്നിലെന്ന് ആരോപിച്ച റാഷിദ് ഞങ്ങളുടെ രക്തം അത്ര മോശമല്ലെന്നും ഓർമപ്പെടുത്തി.
കഴിഞ്ഞ സെപ്റ്റംബറിൽ ജമ്മകശ്മീർ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചും റാഷിദിന് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. ഒരു മിനിറ്റ് മാത്രമായിരുന്നു സംസാരിക്കാൻ ലഭിച്ച സമയം.
2024 ജൂലൈയിലാണ് അദ്ദേഹം എം.പിയായി സത്യപ്രതിജ്ഞ ചെയ്തത്. അഴികൾക്കുള്ളിലായിരിക്കുമ്പോഴാണ് അദ്ദേഹം ബരാമുല്ലയിൽ നിന്ന് മത്സരിച്ച് വിജയിച്ച് പാർലമെന്റിലെത്തിയത്. നാഷനൽ കോൺഫറൻസ് വൈസ് പ്രസിഡന്റും ഇപ്പോൾ ജമ്മുകശ്മീർ മുഖ്യമന്ത്രിയുമായ ഉമർ അബ്ദുല്ലയെയും പീപ്ൾസ് കോൺഫറൻസ് നേതാവ് സജാദ് ലോണിനെയുമാണ് അദ്ദേഹം തോൽപിച്ചത്.
പാർലമെന്റംഗമായ അന്ന്തൊട്ട് സഭയിലെത്താൻ റാഷിദ് ശ്രമിക്കുകയാണ്. മൊബൈലും ഇന്റർനെറ്റും ഉപയോഗിക്കാൻ പാടില്ല, മാധ്യമങ്ങളെ കാണാൻ പാടില്ല തുടങ്ങിയ കടുത്ത ഉപാധികളോടെയാണ് ഡൽഹി കോടതി റാഷിദിന് സഭ നടപടികളിൽ പങ്കെടുക്കാൻ രണ്ടുദിവസത്തെ കസ്റ്റഡി പരോൾ അനുവദിച്ചിരിക്കുന്നത്. ആർ.എം.എൽ ആശുപത്രിയിലെ പതിവ് ആരോഗ്യ പരിശോധനകൾ കഴിഞ്ഞ്
ഡൽഹി സായുധ സേനയുടെ അകമ്പടിയോടെയാണ് തിഹാർ ജയിലിലെ വാനിൽ റാഷിദിനെ പാർലമെന്റിലെത്തിച്ചത്. 9.30ഓടെ വാൻ പാർലമെന്റിലെത്തി. റാഷിദിനൊപ്പം മുഴുവൻ സമയവും പൊലീസ് അകമ്പടിയുണ്ടായിരുന്നു.
ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് സഭ നടപടികൾ തുടങ്ങിയത്. ശൂന്യവേള നടക്കുമ്പോൾ എല്ലാം സീറ്റിലിരുന്ന് ശ്രദ്ധയോടെ വീക്ഷിച്ചു അദ്ദേഹം. കശ്മീർ എം.പിമാരായ സെയ്ദ് റൂഹുല്ല മെഹ്ദി, മിയാൻ അൽത്താഫ് അഹ്മദ് കശ്മീരിൽ അദ്ദേഹത്തിന്റെ തൊട്ടടുത്തുള്ള സീറ്റുകളിൽ ഇരിപ്പുറപ്പിച്ചു. 20 മിനിറ്റോളം ഇരുവരും റാഷിദ് എൻജീയറുമായി സംസാരിച്ചു. ആരോഗ്യം, കേസ്, പരോൾ എന്നിവയെ കുറിച്ചായിരുന്നു സംസാരമത്രയും.
ഉച്ചക്ക് 1.16ന് ശൂന്യവേള തുടരുമ്പോൾ, റാഷിദ് സ്പീക്കറുടെ ഡയസിലെത്തി ചർച്ചയിൽ പങ്കെടുക്കാൻ പേര് നൽകി. ശൂന്യവേളയിലെ ബജറ്റ് ചർച്ചകൾ അവസാനിക്കാറായപ്പോഴും സംസാരിക്കാൻ താൽപര്യമറിയിച്ച് റാഷിദ് കൈയുയർത്തി സ്പീക്കറുടെ ശ്രദ്ധ ക്ഷണിച്ചു. ഒരിക്കൽ കൂടി സ്പീക്കറുടെ ഡയസിനരികിലെത്തുകയും ചെയ്തു. എന്നാൽ അനുമതി കിട്ടിയില്ല. തുടർന്ന് അദ്ദേഹം സഭയിൽ നിന്നിറങ്ങിപ്പോയി പ്രതിഷേധിക്കുകയായിരുന്നു.
കുറച്ചുസമയം കഴിഞ്ഞ് തിരിച്ചുവന്ന് ധനമന്ത്രിയുടെ പ്രസംഗം ശ്രദ്ധിച്ചു. അതിനിടെ കോറിഡോറിൽ വെച്ച് മറ്റ് എം.പിമാരുമായി സംസാരിക്കുന്നതിനും എം.പിമാർക്കുള്ള പ്രത്യേക ഡൈനിങ് ഹാളിൽ പ്രവേശിക്കുന്നതിന് റാഷിദ് എൻജിനീയറെ വിലക്കി. വൈകീട്ട് ഏഴുമണിയോടെ ജയിൽ വാനിൽ റാഷിദിനെ തിഹാർ ജയിലിലേക്ക് തന്നെ തിരികെ കൊണ്ടുപോയി. തീവ്രവാദത്തിന് സാമ്പത്തിക സഹായം നൽകിയെന്ന കേസിൽ 2019ലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.