പാർലമെന്റിലെത്താൻ എൻജിനീയർ റാഷിദ് നാലുലക്ഷം കെട്ടിവെക്കണം
text_fieldsഎൻജിനീയർ റാഷിദ്
ന്യൂഡൽഹി: ജയിലിൽ കഴിയുന്ന ജമ്മു-കശ്മീർ എം.പി എൻജിനീയർ റാഷിദ് പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ നാലുലക്ഷം കെട്ടിവെക്കണമെന്ന് ഡൽഹി ഹൈകോടതി. മാർച്ച് 25നാണ് കസ്റ്റഡി പരോളിൽ ലോക്സഭ സമ്മേളനത്തിൽ പങ്കെടുക്കാൻ എൻജിനീയർ റാഷിദിന് ഡൽഹി ഹൈകോടതി അനുമതി നൽകിയത്. തുടർന്ന്, യാത്രക്കും അനുബന്ധ ക്രമീകരണങ്ങൾക്കുമായി ദിവസവും 1,45,736 രൂപവീതം ആറ് ദിവസത്തേക്ക് 8,74,416 രൂപ അടക്കണമെന്ന് ജയിലധികൃതർ റാഷിദിന്റെ അഭിഭാഷകനോട് നിർദേശിച്ചു.
തുടർന്ന്, വ്യവസ്ഥയിൽ ഇളവ് തേടി റാഷിദ് ഹൈകോടതിയെ സമീപിച്ചു. വെള്ളിയാഴ്ച റാഷിദിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എൻ. ഹരിഹരൻ, ഇതിനകം 1.45 ലക്ഷം രൂപ അടച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി. ജയിൽ അധികൃതർ ആവശ്യപ്പെട്ടതനുസരിച്ച് മൊത്തം ചെലവിന്റെ 50 ശതമാനം നൽകാൻ തയാറാണെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്ന്, ഇത് അംഗീകരിച്ച ജസ്റ്റിസ് ചന്ദ്ര ധാരി സിങ്, ജസ്റ്റിസ് അനുപ് ജയറാം ഭംഭാനി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് മൂന്ന് ദിവസത്തിനുള്ളിൽ തുക അടക്കാൻ നിർദേശിച്ചു. റാഷിദിന്റെ അപേക്ഷയിൽ എൻ.ഐ.എക്ക് നോട്ടീസ് അയച്ച കോടതി മറുപടി നൽകാൻ നാല് ആഴ്ച സമയം അനുവദിച്ചു. കേസ് വീണ്ടും മേയ് 19ന് പരിഗണിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.