എൻജിനീയറിങ് റാങ്ക് പട്ടിക പ്ലസ് ടു മാർക്ക് ഒഴിവാക്കുന്നത് നിർധന വിദ്യാർഥികളെ പിറകിലാക്കും
text_fieldsതിരുവനന്തപുരം: കേരള എൻജിനീയറിങ് പ്രവേശനത്തിന് പ്ലസ് ടു മാർക്ക് ഒഴിവാക്കാനുള്ള തീരുമാനം നിർധന വിദ്യാർഥികളെ പ്രതികൂലമായി ബാധിക്കും. എൻജിനീയറിങ് പ്രവേശനപ്പരീക്ഷയിൽ ലഭിക്കുന്ന സ്കോർ മാത്രം അടിസ്ഥാനപ്പെടുത്തി റാങ്ക് പട്ടിക തയാറാക്കാനുള്ള നിർദേശത്തിനാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് തത്ത്വത്തിൽ അംഗീകാരം നൽകിയത്.
സി.ബി.എസ്.ഇ, െഎ.സി.എസ്.ഇ ബോർഡുകൾ 12ാം ക്ലാസ് പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിലാണ് സർക്കാർ തീരുമാനം. എന്നാൽ, കോവിഡ് പ്രതിസന്ധികൾക്കിടയിലും സംസ്ഥാനത്ത് പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകൾ പ്രാക്ടിക്കൽ ഉൾപ്പെടെ നടത്തിയതിെൻറ ഗുണം ഭൂരിപക്ഷം വരുന്ന സംസ്ഥാന സിലബസിലുള്ള വിദ്യാർഥികൾക്ക് ലഭിക്കാതെ പോകും.
പ്ലസ് ടു പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങളിൽ ലഭിച്ച മാർക്കിനും പ്രവേശനപ്പരീക്ഷ മാർക്കിനും തുല്യപരിഗണന നൽകിയാണ് റാങ്ക് പട്ടിക തയാറാക്കിയിരുന്നത്. എൻട്രൻസ് പരിശീലനത്തിന് പോകാൻ കഴിയാത്ത വിദ്യാർഥികൾക്കും പ്ലസ് ടുവിൽ ഉയർന്ന മാർക്കുണ്ടെങ്കിൽ റാങ്ക് പട്ടികയിൽ മെച്ചപ്പെട്ട സ്ഥാനം ഉറപ്പാക്കുന്നതായിരുന്നു ഇൗ രീതി.
ഇത് ഒഴിവാക്കുന്നത് എൻട്രൻസ് പരിശീലനം നേടിയ വിദ്യാർഥികൾക്കായിരിക്കും ഗുണം ചെയ്യുക. സംസ്ഥാനത്ത് ആയിരക്കണക്കിന് നിർധന വിദ്യാർഥികൾ പ്രത്യേക പരിശീലനമില്ലാതെ എൻജിനീയറിങ് പ്രവേശനപ്പരീക്ഷ എഴുതുന്നവരായുണ്ട്. പ്രവേശനപ്പരീക്ഷയിൽ സ്കോർ അൽപം കുറഞ്ഞാലും പ്ലസ് ടു മാർക്കിെൻറ കൂടി ബലത്തിൽ ഇവർക്ക് മെച്ചപ്പെട്ട റാങ്ക് ലഭിക്കാറുണ്ട്. ഇത്തരം വിദ്യാർഥികൾക്ക് പുതിയ തീരുമാനം തിരിച്ചടിയാകും.
കഴിഞ്ഞ വർഷം വരെ മുൻനിര റാങ്കുകൾ കൂടുതൽ നേടിയത് സി.ബി.എസ്.ഇ വിദ്യാർഥികളാണ്. സ്കൂൾ പഠനത്തിനൊപ്പം എൻട്രൻസ് പരിശീലനം നേടുന്നവരാണ് സി.ബി.എസ്.ഇ വിദ്യാർഥികളിൽ ഭൂരിഭാഗവും. പ്ലസ് ടു മാർക്ക് പരിഗണിച്ചിട്ടും കഴിഞ്ഞ വർഷം എൻജിനീയറിങ് റാങ്ക് പട്ടികയിൽ ആദ്യ 5000ൽ 2447 പേർ സി.ബി.എസ്.ഇ വിദ്യാർഥികളായിരുന്നു.
സംസ്ഥാന സിലബസിൽ പഠിച്ച 2280 പേരാണ് ആദ്യ 5000ൽ ഉൾപ്പെട്ടത്. കഴിഞ്ഞ വർഷം 71,742 പേരാണ് എൻജിനീയറിങ് പ്രവേശന പരീക്ഷക്ക് ഹാജരായത്. ഇതിൽ 56,599 പേർ യോഗ്യത നേടി. അരലക്ഷത്തിലധികം വിദ്യാർഥികൾ സംസ്ഥാന സിലബസിൽ പഠിച്ച് പരീക്ഷയെഴുതിയതിൽ 37,124 പേർ റാങ്ക് പട്ടികയിൽ ഇടംപിടിച്ചു. സി.ബി.എസ്.ഇ സിലബസിൽ പഠിച്ച് പരീക്ഷയെഴുതിയ 17,000ത്തോളം പേരിൽ 14,468 പേർ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടു. പ്ലസ് ടു മാർക്ക് ഒഴിവാക്കി പ്രവേശന പരീക്ഷ സ്കോർ മാത്രമാകുന്നതോടെ സംസ്ഥാന സിലബസിലുള്ള കുട്ടികൾ കൂടുതൽ പിന്തള്ളപ്പെടുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.