ഇംഗ്ലീഷ് ആശയവിനിമയത്തിനുള്ള മാധ്യമം മാത്രം; ബുദ്ധിജീവിയെന്നതിന്റെ മാനദണ്ഡമല്ല -മോദി
text_fieldsന്യൂഡൽഹി: ഇംഗ്ലീഷ് ആശയവിനിമയത്തിനുള്ള മാധ്യമം മാത്രമാണെന്നും ബുദ്ധിജീവിയെന്നതിന്റെ മാനദണ്ഡമല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രാദേശിക ഭാഷകളുടെ പ്രാധാന്യം എടുത്തു പറഞ്ഞാണ് മോദിയുടെ പ്രസ്താവന.
നേരത്തെ ഇംഗ്ലീഷിനെ ബുദ്ധിജീവിയെന്നതിന്റെ മാനദണ്ഡമായി കണക്കാക്കിയിരുന്നു. എന്നാൽ, യഥാർഥത്തിൽ ആശയ വിനിമയത്തിനുള്ള മാധ്യമം മാത്രമാണ് ഇംഗ്ലീഷ്. ഗ്രാമങ്ങളിൽ നിന്നുള്ള നിരവധി കുട്ടികൾ ഡോക്ടർമാരും എൻജിനീയർമാരും ആവാത്തതിന് കാരണം അവർക്ക് ഇംഗ്ലീഷിൽ പരിജ്ഞാനം ഇല്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ പുതിയ വിദ്യാഭ്യാസനയം ഇംഗ്ലീഷിനോടുള്ള അടിമത്ത മനോഭാവം ഇല്ലാതാക്കും. ഇംഗ്ലീഷിൽ പഠനം പൂർത്തിയാക്കാത്ത പാവപ്പെട്ട രക്ഷിതാക്കളുടെ മക്കളേയും ഡോക്ടറും എൻജിനീയറും ആക്കുകയാണ് കേന്ദ്രസർക്കാറിന്റെ ലക്ഷ്യമെന്നും മോദി പറഞ്ഞു.
രാജ്യത്ത് ഉടൻ വരുന്ന 5ജി സേവനങ്ങൾ വിദ്യാഭ്യാസരംഗത്തെ പുതിയൊരു തലത്തിലേക്ക് ഉയർത്തും. സ്മാർട്ട് ക്ലാസ് റൂമുകളും സ്മാർട്ട് അധ്യാപനവും നടപ്പിലാകുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എം.ബി.ബി.എസ് പഠനത്തിനുള്ള ഹിന്ദി പാഠപുസ്തകങ്ങൾ പുറത്തിറക്കിയതിന് പിന്നാലെയാണ് മോദിയുടെ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.